| Wednesday, 17th June 2026, 6:49 pm

അറിയാലോ മെസിയാണ്; ഹാട്രിക്കില്‍ പിറന്നത് റെക്കോഡുകളുടെ പെരുമഴ

ഫസീഹ പി.സി.

ലോകകപ്പിലെ തന്റെ ആദ്യ ഹാട്രിക്ക് നേടിയാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി 2026 ഫിഫ ലോകകപ്പിന് തുടക്കം കുറിച്ചത്. ഇന്ന് കാൻസസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അള്‍ജീരിയക്കെതിരെയാണ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

17, 60, 76 എന്നീ മിനിട്ടുകളില്‍ ഗോളടിച്ചാണ് മെസി ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. മെസിയുടെ ഹാട്രിക്ക് കരുത്തില്‍ വിജയത്തോടെ അര്‍ജന്റീനയ്ക്ക് തങ്ങളുടെ ലോകകപ്പ് ക്യാമ്പയിന്‍ തുടങ്ങാന്‍ സാധിച്ചു.

മത്സരത്തില്‍ ഹാട്രിക്കിനൊപ്പം തന്നെ മെസി പല റെക്കോഡുകളും സ്വന്തമാക്കിയിരുന്നു. അള്‍ജീരിയക്കെതിരെ കളത്തിലിറങ്ങിയതോടെ തന്നെ രണ്ട് നേട്ടങ്ങളാണ് താരം തന്റെ അക്കൗണ്ടിലെത്തിച്ചത്.

ലയണൽ മെസി. Photo: Fabrizio Romano /x.com

ആറ് ലോകകപ്പില്‍ കളിച്ച ആദ്യ താരമെന്ന നേട്ടമാണ് ഒന്ന്. മറ്റൊന്ന് അര്‍ജന്റീനയ്ക്ക് വേണ്ടി 200 മത്സരങ്ങള്‍ എന്ന നേട്ടവും മെസി സ്വന്തമാക്കി.

മത്സരത്തില്‍ ആദ്യ ഗോളടിച്ചതോടെ അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പില്‍ സ്‌കോര്‍ ചെയ്യുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും മെസി നേടിയെടുത്തു. ഈ നേട്ടത്തിൽ പ്രായം കുറഞ്ഞ താരമെന്ന നേട്ടവും മിശിഹയുടെ പേരിൽ തന്നെയാണ്.

കൂടാതെ, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തിയ താരങ്ങളില്‍ മെസി പെലെയെ മറികടന്നു. 22 ഗോള്‍ കോണ്ട്രിബൂഷനാണ് മെസിക്കുള്ളത്. ഒപ്പം ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന പ്രായം കൂടിയ താരമെന്നതും അര്‍ജന്റൈന്‍ ക്യാപ്റ്റന് സ്വന്തം.

ലയണൽ മെസി. Photo: Messismo/x.com

ഇതിനുപുറമെ, ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരില്‍ ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോഡിനൊപ്പവും മെസിയെത്തി. ഇരുവര്‍ക്കും 16 ഗോളുകള്‍ വീതമാണുള്ളത്.

2026 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ലയണല്‍ മെസി സ്വന്തമാക്കിയ നേട്ടങ്ങള്‍

– ആറ് ലോകകപ്പില്‍ കളിക്കുന്ന ആദ്യ താരം

– അര്‍ജന്റീനക്ക് വേണ്ടി 200 മത്സരങ്ങള്‍

– അര്‍ജന്റീനയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്യുന്ന പ്രായം കൂടിയ താരം

– ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തിയ താരങ്ങളില്‍ പെലെയെ മറികടന്നു. (ഗോള്‍ കോണ്‍ട്രിബ്യൂഷന്‍).

– ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന മിറോസ്ലാവ് ക്ലോസെയുടെ (16) എന്ന നേട്ടത്തിനൊപ്പം

– ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ബോക്‌സിന് പുറത്തുനിന്ന് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം.

– ഫിഫ ലോകകപ്പ് ചരിത്രത്തില്‍ 11 വ്യത്യസ്ത ദേശീയ ടീമുകള്‍ക്കെതിരെ ഗോള്‍ നേടിയ ഏക താരം.

– ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടിയ പ്രായ കൂടിയ താരം

Content Highlight: FIFA World Cup 2026: Lionel Messi’s records in World Cup with the his hat-trick against Algeria

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more