| Sunday, 12th July 2026, 6:50 pm

ഒരു ഗോളെങ്കിലും നേടാമായിരുന്നില്ലേ... മെസി കൈവിട്ടത് മറ്റാര്‍ക്കുമില്ലാത്ത ചരിത്രം

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പില്‍ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. കാന്‍സസ് സിറ്റിയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ പരാജയപ്പെടുത്തിയാണ് ആല്‍ബിസെലെസ്റ്റെയുടെ കുതിപ്പ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന വിജയിച്ചുകയറിയത്.

മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. അധിക സമയത്ത് രണ്ട് ഗോളുകള്‍ നേടിയാണ് അര്‍ജന്റീനയുടെ വിജയം.

മത്സരത്തില്‍ സഹ താരത്തെ കൊണ്ട് ഗോളടിപ്പിച്ചെങ്കിലും അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഇതിഹാസത്തിന്റെ ഒരു സ്ട്രീക്കിനും അവസാനമായി. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്യുന്നതിന്റെ റെക്കോഡിനാണ് വിരാമമായത്.

2022 ഖത്തര്‍ ലോകകപ്പിലായിരുന്നു മെസിയുടെ ഈ ഗോള്‍ വേട്ടയുടെ തുടക്കം. ആ ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരെ ഗോളടിച്ച് തുടങ്ങിയ താരം പിന്നീട് ടൂര്‍ണമെന്റില്‍ കളിച്ച എട്ട് മത്സരങ്ങളിലും സ്‌കോര്‍ ചെയ്തു.

ഖത്തറില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാന്‍ഡ്സിനെതിരെയും സെമിയില്‍ ക്രൊയേഷ്യക്കെതിരെയും മെസി ഓരോ തവണ വീതം വല കുലുക്കി. പിന്നാലെ ഫൈനലില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റൈന്‍ ഇതിഹാസം രണ്ട് തവണ ലക്ഷ്യം കണ്ടു.

ഈ മികവ് 2026 ലോകകപ്പിലും മെസി ആവര്‍ത്തിച്ചു. ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക് നേടി വരവറിയിച്ച അര്‍ജന്റൈന്‍ നായകന്‍ രണ്ടാം മത്സരത്തില്‍ ഓസ്ട്രിയക്കെതിരെ ഇരട്ട ഗോള്‍ നേടിയും തിളങ്ങി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജോര്‍ദാനെതിരെയും വല കുലുക്കി.

റൗണ്ട് ഓഫ് 32ല്‍ കേപ്പ് വെര്‍ദെക്കെതിരെയും മെസി വല കുലുക്കി. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരെയും മിശിഹ ഗോള്‍ സ്‌കോര്‍ ചെയ്ത് ലോകകപ്പില്‍ തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്ത താരം എന്ന നേട്ടം കുറിച്ചു.

എന്നാല്‍, സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ഗോള്‍ നേടാന്‍ സാധിക്കാതിരുത്തുന്നതോടെയാണ് ഈ സ്ട്രീക്കിന് അന്ത്യം കുറിച്ചത്. ഇതോടെ ലോകകപ്പില്‍ ചരിത്രത്തില്‍ തുടര്‍ച്ചയായ പത്ത് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും മിശിഹക്ക് കൈവിടേണ്ടി വന്നു.

Content Highlight: FIFA World Cup 2026: Lionel Messi’s FIFA World Cup scoring streak of most consecutive matches ends

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

Latest Stories

We use cookies to give you the best possible experience. Learn more