| Thursday, 2nd July 2026, 2:13 pm

എംബാപ്പെയും ക്ലോസെയും വീഴും; ചരിത്രമെഴുതാന്‍ മെസി

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പില്‍ നോക്കൗട്ട് മത്സരത്തിനായി ഒരുങ്ങുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. ഹാട്രിക്ക് വിജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ആല്‍ബിസെലെസ്റ്റെ റൗണ്ട് ഓഫ് 32ലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിതരായിയെത്തുന്ന മെസിയുടെയും സംഘത്തിന്റെയും എതിരാളികള്‍ അരങ്ങേറ്റക്കാരായ കേപ്പ് വെര്‍ദെയാണ്. ജൂണ്‍ നാലിന് മയാമി സ്റ്റേഡിയത്തിലാണ് ഈ മത്സരം.

ഈ മത്സരത്തിന് ഇറങ്ങുന്ന സൂപ്പര്‍ താരം ലയണല്‍ മെസിയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോഡാണ് അര്‍ജന്റൈന്‍ നായകന് മുന്നിലുള്ളത്.

ഇതിനായി മെസിക്ക് രണ്ട് ഗോളുകള്‍ കൂടി വലയിലെത്തിക്കണം. നിലവില്‍ അര്‍ജന്റൈന്‍ നായകന്‍ ലോകകപ്പില്‍ 15 നോണ്‍ പെനാല്‍റ്റി ഗോളുകള്‍ അടിച്ചിട്ടുണ്ട്.

ഈ ലിസ്റ്റില്‍ ഒന്നാമത് ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയും ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെയുമാണ്. 16 വീതം നോണ്‍ പെനാല്‍റ്റി ഗോളുകളാണ് ഇരുവരും ലോകകപ്പില്‍ വലയിലെത്തിച്ചത്.

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന താരങ്ങള്‍

(താരം – ടീം – ഗോളുകള്‍ എന്നീ ക്രമത്തില്‍)

കിലിയന്‍ എംബാപ്പെ – ഫ്രാന്‍സ് – 16

മിറോസ്ലാവ് ക്ലോസെ – ജര്‍മനി – 16

ലയണല്‍ മെസി – അര്‍ജന്റീന – 15

റൊണാള്‍ഡോ നസാരിയോ – ബ്രസീല്‍ – 14

ഗെര്‍ഡ് മുള്ളര്‍ – ജര്‍മനി – 13

അതേസമയം, 2026 ഫിഫ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് മെസി നടത്തുന്നത്. ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക്ക് അടിച്ചായിരുന്നു താരത്തിന്റെ തുടക്കം. പിന്നാലെ ഇരുമത്സരങ്ങളിലും മിശിഹ ഗോള്‍ നേടി.

ഓസ്ട്രിയ്ക്കെതിരെ ഇരട്ട ഗോളുകള്‍ അടിച്ചപ്പോള്‍ മെസി അവസാന മത്സരത്തില്‍ ജോര്‍ദാനെതിരെ ഒരു ഗോളും കണ്ടെത്തി. പകരക്കാരനായായിരുന്നു താരത്തിന്റെ ഈ ഗോള്‍ നേട്ടം. നിലവില്‍ താരം ഈ ലോകകപ്പില്‍ ആറ് ഗോളുകള്‍ വലയിലെത്തിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടിയുള്ള റേസില്‍ എംബാപ്പെയുടെ കൂടെ മെസിയും ഒന്നാം സ്ഥാനത്താണ്.

Content Highlight: FIFA World Cup 2026: Lionel Messi needs two goals to surpass Kylian Mbappe and Miroslav Klose in most non penalty goals in FIFA World Cup history

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more