2026 ഫിഫ ലോകകപ്പിൽ സ്വപ്നതുല്യ തുടക്കമാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസിക്ക് ലഭിച്ചത്. തന്റെ ആറാം ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക്ക് അടിച്ചായിരുന്നു താരത്തിന്റെ വരവ്. ഇപ്പോൾ ടൂർണമെന്റിലെ തങ്ങളുടെ രണ്ടാം മത്സരത്തിന് ഒരുങ്ങുകയാണ് മെസിയും അർജന്റീനയും.
ജൂൺ 22ന് ഇന്ത്യൻ സമയം രാത്രി 10.30നാണ് അർജന്റീനയുടെ അടുത്ത മത്സരം. ഡാലസ് സ്റ്റേഡിയത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മത്സരത്തിൽ ഓസ്ട്രിയയാണ് എതിരാളികൾ.
ഈ മത്സരത്തിന് ഇറങ്ങുമ്പോൾ മെസിയെ കാത്തിരിക്കുന്നത് ഒരു വമ്പൻ നേട്ടമാണ്. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടം ഒറ്റയ്ക്ക് കൈപിടിയിലൊതുക്കാനാണ് താരത്തിന് അവസരമുള്ളത്.
നിലവിൽ മെസിയ്ക്ക് ലോകകപ്പിൽ 16 ഗോളുകളുണ്ട്. ഇത്ര തന്നെ ഗോളുകൾ നേടിയ ജർമനി ഇതിഹാസം മിറോസ്ലാവ് ക്ലോസെക്ക് ഒപ്പമാണ് ഇപ്പോൾ അർജന്റൈൻ നായകൻ ഈ നേട്ടം പങ്കിടുന്നത്. ഒരൊറ്റ ഗോളിൽ മിശിഹയ്ക്ക് ഈ റെക്കോഡ് സ്വന്തം പേരിൽ മാത്രമാക്കാം.
(താരം – ടീം – മത്സരം – ഗോള്‍ എന്നീ ക്രമത്തില്‍)
ലയണല്‍ മെസി – അര്‍ജന്റീന – 27 – 16
മിറോസ്ലാവ് ക്ലോസെ ജര്‍മനി – 24 – 16
കിലിയന്‍ എംബാപ്പെ – ഫ്രാന്‍സ് – 15 – 15
റൊണാള്‍ഡോ നസാരിയോ – ബ്രസീല്‍ – 19 – 15
ജസ്റ്റ് ഫോണ്ടൈന്‍ – ഫ്രാന്‍സ് – 6 – 13
കിലിയൻ എംബാപ്പെ. Photo: IMFURAYACU Jean Luc/x.com
ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടത്തിൽ ഫ്രഞ്ച് നായകൻ കിലിയന്‍ എംബാപ്പെ കടുത്ത പോരാട്ടം മെസി നൽകുന്നുണ്ട്. അതിനാൽ തന്നെ വരും മത്സരങ്ങളിൽ ഇരുവരുടെയും ക്ലാഷിനും ആരാധകർ സാക്ഷിയായേക്കും.
Content Highlight: FIFA World Cup 2026: Lionel Messi needs one goal to surpass Miraslov Klose in most goals in FIFA World Cup history