| Monday, 29th June 2026, 5:32 pm

ചരിത്രത്തിലെ ആദ്യ താരമായി മെസി; മറ്റാര്‍ക്കുമില്ലാത്ത റെക്കോഡുമായാണ് മിശിഹയുടെ വരവ്

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പില്‍ നോക്കൗട്ട് മത്സരത്തിന് ഒരുങ്ങുകയാണ് ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ അര്‍ജന്റീന. ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അര്‍ജന്റൈന്‍ സംഘം നോക്കൗട്ട് പോരിന് തയ്യാറെടുക്കുന്നത്.

റൗണ്ട് ഓഫ് 32ല്‍ ലോകകപ്പില്‍ കളിക്കുന്ന കുഞ്ഞന്‍ രാജ്യം എന്ന ഖ്യാതിയോടെ അരങ്ങേറിയ കേപ്പ് വെര്‍ദെയാണ് മെസി സംഘത്തിന്റെ എതിരാളികള്‍. മയാമി സ്റ്റേഡിയത്തില്‍ ജൂലൈ നാലിന് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

അര്‍ജന്റീന മറ്റൊരു ലോകകപ്പിലും നോക്കൗട്ടിലെത്തിയതോടെ നായകന്‍ ലയണല്‍ മെസി ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. തുടര്‍ച്ചയായ ആറ് ലോകകപ്പില്‍ നോക്കൗട്ടിലെത്തുന്ന ആദ്യ താരമെന്ന നേട്ടമാണ് അര്‍ജന്റൈന്‍ ഇതിഹാസം സ്വന്തമാക്കിയത്.

2006ല്‍ തന്റെ അരങ്ങേറ്റ എഡിഷനില്‍ തന്നെ മെസി അര്‍ജന്റീനക്കൊപ്പം നോക്കൗട്ടില്‍ പ്രവേശിച്ചിരുന്നു. പിന്നാലെ, 2010, 2014, 2018, 2022 എന്നീ ലോകകപ്പിലും താരം നോക്കൗട്ടിലെത്തി. ഇത്തവണയും മെസിയും അര്‍ജന്റീനയും നോക്കൗട്ടില്‍ പ്രവേശിച്ചിരിക്കുകയാണ്.

അതേസമയം, 2026 ഫിഫ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് മെസി നടത്തുന്നത്. നിലവില്‍ ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ബൂട്ടിനുള്ള റേസില്‍ താരം ഒന്നാമതാണ്. ആറ് ഗോളുകള്‍ അടിച്ചാണ് അര്‍ജന്റൈന്‍ നായകന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

അള്‍ജീരിയക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഹാട്രിക്ക് നേടിയാണ് മെസി തന്റെ ആറാം ലോകകപ്പ് യാത്ര ആരംഭിച്ചത്. പിന്നാലെ ഓസ്ട്രിയ്‌ക്കെതിരെ ഇരട്ട ഗോളുകളും മിശിഹ നേടി. അവസാന ഗ്രൂപ്പ് മത്സരത്തിലും താരം ഒരു ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു. ജോര്‍ദാനെതിരെ പകരക്കാനായെത്തിയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. അടുത്ത ഘട്ടത്തിലും മിശിഹ തന്റെ ഗോള്‍ നേട്ടം തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: FIFA World Cup 2026: Lionel Messi is the first ever to reach the knock-outs in six consecutive World Cups

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more