| Sunday, 12th July 2026, 3:52 pm

ചരിത്രം കുറിച്ച് മെസി; മറ്റാര്‍ക്കുമില്ലാത്ത നേട്ടവുമായി മിശിഹ

ഫസീഹ പി.സി.

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന 2026 ഫിഫ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കാന്‍സസ് സിറ്റിയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീനയുടെ മുന്നേറ്റം.

മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചപ്പോള്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. അധിക സമയത്ത് രണ്ട് തവണ വല കുലുക്കിയാണ് മെസിപ്പടയുടെ വിജയം.

ക്വാര്‍ട്ടര്‍ ഫൈനലില്‍ കളത്തിലിറങ്ങിയതോടെ തന്നെ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി ഒരു സൂപ്പര്‍ നേട്ടവും കരസ്ഥമാക്കി. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ 15 നോക്കൗട്ട് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് 39കാരന്‍ തന്റെ പേരില്‍ കുറിച്ചത്. അരങ്ങേറ്റം കുറിച്ച 2006 ലോകകപ്പ് മുതല്‍ ഈ എഡിഷനിലെ നോക്കൗട്ട് മത്സരങ്ങളില്‍ കളത്തിലിറങ്ങിയാണ് താരത്തിന്റെ ഈ നേട്ടം.

അതേസമയം, സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ഗോളടിക്കാന്‍ സാധിച്ചില്ലെങ്കിലും മെസിയ്ക്ക് സഹതാരത്തെ കൊണ്ട് ഗോളടിപ്പിക്കാൻ സാധിച്ചിരുന്നു. മത്സരത്തില്‍ ടീമിനെ ആദ്യ ഗോളിന് താരമാണ് വഴിയൊരുക്കിയത്. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ 10 അസിസ്റ്റുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും മിശിഹ സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ പത്താം മിനിട്ടില്‍ തന്നെ അര്‍ജന്റീന മക് അലിസ്റ്ററുടെ ഗോളിലൂടെ മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഡാന്‍ എന്‍ഡോയിലൂടെ മെസിപ്പടയ്ക്ക് ഒപ്പമെത്തി. പിന്നാലെ ബ്രീല്‍ എമ്പോളൊ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് സ്വിറ്റ്‌സര്‍ലാന്‍ഡിന് കനത്ത തിരിച്ചടിയായി. ശേഷിക്കുന്ന 10 പേരുമായാണ് സ്വിസ് ടീം പന്തുതട്ടിയത്.

എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ജൂലിയന്‍ അല്‍വാരസിന്റെ ഗോളിലൂടെ അര്‍ജന്റീന വിജയം ഉറപ്പാക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ലൗട്ടാരോ മാര്‍ട്ടിനസും ഗോള്‍ നേടിയതോടെ അര്‍ജന്റീന ആധികാരികമായി സെമിയിലേക്ക് മുന്നേറുകയായിരുന്നു.

Content Highlight: FIFA World Cup 2026: Lionel Messi has become the first player to make 15 appearances in FIFA World Cup knockout matches

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

Latest Stories

We use cookies to give you the best possible experience. Learn more