| Friday, 10th July 2026, 8:34 pm

ചരിത്രം കുറിക്കാന്‍ മെസി; വേണ്ടത് ഒരേയൊരു ഗോള്‍

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പില്‍ സെമി ഫൈനല്‍ ലക്ഷ്യം വെച്ച് ഇറങ്ങുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. ജൂലൈ 12നാണ് സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം അരങ്ങേറുക. കന്‍സാസ് സിറ്റി സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.

ഈ മത്സരത്തിനിറങ്ങുമ്പോള്‍ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായ പത്ത് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ഏക താരമെന്ന നേട്ടം സ്വന്തമാക്കാനുള്ള അവസരമാണുള്ളത്.

നിലവില്‍ ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഒമ്പത് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡിനുടമയാണ് മെസി. 2022 ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രേലിയക്കെതിരെയാണ് അര്‍ജന്റൈന്‍ ഇതിഹാസം തന്റെ ഈ ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്.

പിന്നാലെ ആ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെയും സെമിയില്‍ ക്രൊയേഷ്യക്കെതിരെയും മെസി ഓരോ തവണ വീതം വല കുലുക്കി. ഫൈനലില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റൈന്‍ ഇതിഹാസം രണ്ട് ഗോളുകളും സ്‌കോര്‍ ചെയ്തു.

ലയണൽ മെസി. Photo: Sudanalytics/x.com

ആ ഗോളടി മികവ് 2026 ലോകകപ്പിലും മെസി തുടര്‍ന്നു. ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക് നേടി വരവറിയിച്ച അര്‍ജന്റൈന്‍ നായകന്‍ രണ്ടാം മത്സരത്തില്‍ ഓസ്ട്രിയക്കെതിരെ ഇരട്ട ഗോള്‍ നേടിയാണ് തിളങ്ങിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജോര്‍ദാനെതിരെയും വല കുലുക്കി.

റൗണ്ട് ഓഫ് 32ല്‍ മെസി കേപ്പ് വെര്‍ദെക്കെതിരെയും ലക്ഷ്യം കണ്ടു. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരെയും മിശിഹ ഗോള്‍ സ്‌കോര്‍ ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ഒരൊറ്റ ഗോള്‍ നേടിയാല്‍ മെസിക്ക് തുടര്‍ച്ചയായി പത്ത് മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കാം.

Content Highlight: FIFA World Cup 2026: Lionel Messi can became first player to score in ten consecutive matches in FIFA World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more