2026 ഫിഫ ലോകകകപ്പ് ഗ്രൂപ്പ് ജെയില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും അള്‍ജീരിയയും ഏറ്റുമുട്ടുകയാണ്. കന്‍സാസ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിലവില്‍ അര്‍ജന്റീന ഒരു ഗോളിന് മുന്നിലാണ്. ലയണല്‍ മെസിയാണ് ചാമ്പ്യന്മാരുടെ ഗോള്‍ സ്‌കോറര്‍.
ലോകകപ്പിന് ആദ്യ മത്സരത്തിന് ഇറങ്ങിയതോടെ ഒരു ചരിത്രവും സൂപ്പര്‍ താരം ലയണല്‍ മെസി സ്വന്തം പേരില്‍ കുറിച്ചു. ആറ് ലോകകപ്പില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് അര്‍ജന്റൈന്‍ നായകന്‍ സ്വന്തമാക്കിയത്.
ലയണൽ മെസി. Photo: Fabrizio Romano /x.com
പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മെക്‌സിക്കന്‍ ഗോള്‍ കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോയെയും മറികടന്നാണ് മെസിയുടെ നേട്ടം. ഇരുവരും അഞ്ച് വീതം ലോകകപ്പിലാണ് പന്തുതട്ടിയത്.
2006ല്‍ ലോകകപ്പിലാണ് ലയണല്‍ മെസി അരങ്ങേറ്റം കുറിച്ചത്. പിന്നീടുള്ള എല്ലാ എഡിഷനുകളിലും താരം അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ കളത്തിലിറങ്ങി. ഇപ്പോള്‍ ഈ വര്‍ഷവും കളത്തിലെത്തിയതോടെയാണ് മിശിഹയുടെ ഈ ചരിത്രനേട്ടം.
(താരം – ടീം – ലോകകപ്പുകള്‍ എന്നീ ക്രമത്തില്‍)
ലയണല്‍ മെസി – അര്‍ജന്റീന – 2006, 2010, 2014, 2018, 2022, 2026
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – പോര്‍ച്ചുഗല്‍ – 2006, 2010, 2014, 2018, 2022
ഗില്ലര്‍മോ ഒച്ചാവോ – മെക്‌സിക്കോ – 2006, 2010, 2014, 2018, 2022, 2026
ആന്റോണിയോ കാര്‍ബഹാല്‍ – മെക്‌സിക്കോ – 1950, 1954, 1958, 1962, 1966
ലോഥര്‍ മത്തൗസ് – ജര്‍മനി – 1982, 1986, 1990, 1994, 1998
റാഫേല്‍ മാര്‍ക്വെസ് – മെക്‌സിക്കോ – 2002, 2006, 2010, 2014, 2018
ആന്‍ഡ്രീസ് ഗ്വാര്‍ഡാഡോ – മെക്‌സിക്കോ – 2006, 2010, 2014, 2018, 2022
അതേസമയം, മത്സരത്തില്‍ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മെസിയിലൂടെ പന്ത് വലയിലെത്തിച്ചിരുന്നു. എന്നാലത് ഓഫ് സൈഡായി. ഒമ്പതാം മിനിട്ടില്‍ അള്‍ജീരിയയും വല കുലുക്കിയെങ്കിലും ഓഫ് സൈഡ് കുരുക്കില്‍ പെട്ടു.
ഏറെ വൈകാതെ ലയണല്‍ മെസി തന്നെ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. റോഡ്രിഗോ ഡി പോള്‍ നല്‍കിയ പന്ത് സ്വീകരിച്ചയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. 17ാം മിനിട്ടിലായിരുന്നു ഗോൾ പിറന്നത്.
Content Highlight: FIFA World Cup 2026: Lionel Messi became first player to play in 6th FIFA World Cups