| Saturday, 4th July 2026, 7:48 am

ഒറ്റ ഗോളില്‍ ചരിത്രമെഴുതി മെസി; മറ്റാര്‍ക്കുമില്ലാത്ത നേട്ടവുമായി മിശിഹ

ഫസീഹ പി.സി.

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന 2026 ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുകയാണ്. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അരങ്ങേറ്റക്കാരായ കേപ്പ് വെര്‍ദെയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ടീമിന്റെ വിജയം. എക്‌സ്ട്രാ ടൈമിലെ ഗോളിലൂടെ ആല്‍ബിസെലെസ്റ്റെ വിജയിച്ച് കയറിയത്.

മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത് നായകന്‍ ലയണല്‍ മെസിയാണ്. 29ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ലൗട്ടാരോ മാര്‍ട്ടിനസ് നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു മിശിഹ വല കുലുക്കിയത്.

ഒരിക്കല്‍ ഗോള്‍ നേടിയതോടെ മെസി ഈ ലോകകപ്പിലെ തന്റെ ഗോളുകളുടെ എണ്ണം ഏഴായി ഉയര്‍ത്തി. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും അര്‍ജന്റൈന്‍ നായകന്‍ സ്വന്തമാക്കി. രണ്ട് വിവിധ ലോകകപ്പ് എഡിഷനില്‍ ഏഴിലധികം ഗോളുകള്‍ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് മിശിഹ സ്വന്തമാക്കിയത്.

2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പിലും മെസി ഏഴ് തവണ വല കുലുക്കിയിട്ടുണ്ട്. സൗദി അറേബ്യ, മെക്‌സിക്കോ, ഓസ്‌ട്രേലിയ, നെതര്‍ലാന്‍ഡ്സ്, ക്രൊയേഷ്യ എന്നിവര്‍ക്കെതിരെ ഓരോ ഗോളും ഫ്രാന്‍സിനെതിരെ ഫൈനലില്‍ ഇരട്ട ഗോളും സ്‌കോര്‍ ചെയ്തിരുന്നു.

ഇത്തവണയും മെസി ഏഴ് ഗോളുകള്‍ സ്‌കോര്‍ ചെയ്തതോടെയാണ് ഈ നേട്ടത്തിലെത്തിയത്. അള്‍ജീരിയക്കെതിരെ ഹാട്രിക്കോടെ തുടങ്ങിയ താരം ഓസ്ട്രിയക്കെതിരെ ഇരട്ട ഗോളും അടിച്ചിരുന്നു. പിന്നാലെ ജോര്‍ദാനെതിരെ ഒരു തവണയും താരം പന്ത് വലയിലെത്തിച്ചു.

അതേസമയം, മത്സരത്തില്‍ മെസിക്ക് പുറമെ അര്‍ജന്റീനക്കായി ലിസാന്‍ഡ്രോ മാര്‍ട്ടിനസും ഗോള്‍ നേടി. 92ാം മിനിട്ടില്‍ അലക്‌സിസ് മാക് അലിസ്റ്ററുടെ അസിസ്റ്റിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഒപ്പം കേപ്പ് വെര്‍ദെയുടെ ഡൈനിയുടെ സെല്‍ഫ് ഗോളും ടീമിനെ തുണച്ചു.

കേപ്പ് വെര്‍ദെക്ക് വേണ്ടി ഡെറോയ് ഡുവര്‍ട്ടെയും സിഡ്‌നി ലോപ്‌സ് കാബ്രല്‍ എന്നിവര്‍ ഗോള്‍ നേടി. 59, 103 മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

Content Highlight: FIFA World Cup 2026: Lionel Messi became first ever player to score 7 goals in two different World Cups

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more