| Monday, 22nd June 2026, 11:40 pm

മെസിയുടെ ഒറ്റ ഗോളില്‍ ക്ലോസെ വീണു; ഇനി സിംഹാസനം മിശിഹ വാഴും!

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയും ഓസ്ട്രിയയും തമ്മിലുള്ള മത്സരം ഡാലസ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ അര്‍ജന്റീന ഒരു ഗോളിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്.

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കരുത്തിലാണ് അര്‍ജന്റീന മുന്നിലെത്തിയത്. 38ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഫാക്കുന്‍ഡോ മദീന നല്‍കിയ പാസ് സ്വീകരിച്ച മെസി പന്ത് വലയിലെത്തിക്കുകയായിരുന്നു.

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും മെസി സ്വന്തമാക്കി. ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന പട്ടമാണ് അര്‍ജന്റൈന്‍ നായകന്‍ സ്വന്തമാക്കിയത്. ലോകകപ്പില്‍ 17 ഗോളുകള്‍ അടിച്ചാണ് താരം തലപ്പെത്തിയത്.

ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയെ മറികടന്നാണ് മെസിയുടെ കുതിപ്പ്. ക്ലോസെയ്ക്ക് ലോകകപ്പില്‍ 16 ഗോളുകളാണുള്ളത്.

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങള്‍

(താരം – ടീം – മത്സരം – ഗോള്‍ എന്നീ ക്രമത്തില്‍)

ലയണല്‍ മെസി -അര്‍ജന്റീന – 27 – 17

മിറോസ്ലാവ് ക്ലോസെ – ജര്‍മനി – 24 -16

കിലിയന്‍ എംബാപ്പെ – ഫ്രാന്‍സ് – 15 – 15

റൊണാള്‍ഡോ നസാരിയോ ബ്രസീല്‍ – 19 – 15

ജസ്റ്റ് ഫോണ്ടൈന്‍ (ഫ്രാന്‍സ്) – 6 – 13

ലയണൽ മെസി. Photo: Fabrizio Romano /x.com

അതേസമയം, മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ലീഡ് നേടാനുള്ള അവസരം അര്‍ജന്റീനയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍, എട്ടാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി മെസി പുറത്തേക്ക് അടിച്ചു. എന്നാല്‍, മികച്ച മുന്നേറ്റങ്ങള്‍ നടത്തി ടീം ഗോള്‍ നേടി ലീഡ് നേടുകയായിരുന്നു.

Content Highlight: FIFA World Cup 2026: Lionel Messi became FIFA World Cup all time top scorer  by surpassing Mirosov Klose

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more