2026 ഫിഫ ലോകകപ്പ് ആവേശം വാനോളം ഉയര്‍ത്തി അവസാനത്തോട് അടുക്കുകയാണ്. ഇനി നാല് മത്സരങ്ങള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. രണ്ട് സെമി ഫൈനലുകള്‍, ലൂസേഴ്സ് ഫൈനല്‍, ഫൈനല്‍ എന്നിവയോടെ 23ാം എഡിഷന് തിരശീല വീഴും.
നാളെയാണ് (ജൂലൈ 15) സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് അരങ്ങുണരുന്നത്. ആദ്യ സെമിഫൈനലില്‍ കരുത്തരായ ഫ്രാന്‍സും സ്പെയ്നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. ജൂലൈ 16ലെ രണ്ടാം സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും മുഖാമുഖമെത്തും.
സെമിഫൈനലിനായി ഒരുങ്ങുമ്പോള്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് ലോകകപ്പ് എഡിഷനുകളില്‍ പത്തിലധികം ഡയറക്റ്റ് ഗോള്‍ കോണ്‍ട്രിബൂഷന്‍ നടത്തിയ താരങ്ങള്‍ എന്ന നേട്ടമാണ് ഇരുവര്‍ക്കുള്ളത്. ഇരുവരും 2022ലും ഈ ലോകകപ്പിലുമാണ് പത്ത് കോണ്‍ട്രിബൂഷന്‍ നടത്തിയത്.
ഈ ലോകകപ്പില്‍ എംബാപ്പെയ്ക്ക് 11 ഗോള്‍ കോണ്‍ട്രിബൂഷനാണുള്ളത്. എട്ട് ഗോളുകള്‍ അടിച്ച ഫ്രഞ്ച് നായകന് മൂന്ന് അസിസ്റ്റുകളുമുണ്ട്. 2022 ഖത്തര്‍ ലോകകപ്പിലും 27കാരന്‍ പത്ത് ഗോളുകളില്‍ പങ്കാളികളായിരുന്നു. അന്ന് എട്ട് ഗോളുകള്‍ നേടിയപ്പോള്‍ രണ്ട് ഗോളുകള്‍ക്കാണ് താരം വഴിയൊരുക്കുകയും ചെയ്തത്.
മറുവശത്ത് മെസിയുടെ പേരില്‍ ഈ എഡിഷനിലുള്ളത് പത്ത് ഗോള്‍ കോണ്‍ട്രിബൂഷനുകളാണ്. മിശിഹ എട്ട് തവണ പന്ത് വലയിലെത്തിച്ചപ്പോള്‍ രണ്ട് തവണ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ചു. 2022ല്‍ അര്‍ജന്റൈന്‍ നായകന്‍ ഏഴ് തവണ വല കുലുക്കിയപ്പോള്‍ മൂന്ന് അസിസ്റ്റുകള്‍ നല്‍കി.
ഇപ്പോള്‍ ഈ അപൂര്‍വ റെക്കോഡുമായാണ് മെസിയും എംബാപ്പെയും സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്. എംബാപ്പെ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ ലക്ഷ്യമിടുമ്പോള്‍ അര്‍ജന്റൈന്‍ നായകന്‍ ലക്ഷ്യം തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്.
Content Highlight: FIFA World Cup 2026: Lionel Messi and Kylian Mbappe are only two players have ever posted 10+ direct goal contributions in multiple tournaments