2026 ഫിഫ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി സ്‌പെയ്ന്‍ മാറിയിരിക്കുകയാണ്. സെമി ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനെ തകര്‍ത്താണ് ടീമിന്റെ ഫൈനല്‍ പ്രവേശം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ലാ റോജ വിജയിച്ചുകയറിയത്. ഇത് രണ്ടാം തവണയാണ് സ്‌പെയ്ന്‍ ലോകകപ്പ് ഫൈനല്‍ യോഗ്യത നേടുന്നത്.
മത്സരത്തില്‍ ഫ്രാന്‍സും സ്‌പെയ്‌നും ഏറ്റുമുട്ടിയപ്പോള്‍ ഒരു സ്റ്റാര്‍ ബാറ്റിലിന് കൂടിയാണ് ആരാധകര്‍ സാക്ഷിയായത്. ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെയും സ്പാനിഷ് യുവതാരം ലാമിന്‍ യമാലും തമ്മിലുള്ള പോരാട്ടമാണിത്.
ഇത് ആദ്യമായല്ല ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്ട്ര ഘട്ടത്തിലും പലപ്പോഴും എംബാപ്പെയും യമാലും കിരീടപ്പോരില്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്. അപ്പോഴെല്ലാം യമലാണ് വിജയിയായത്. ഇപ്പോള്‍ സെമി ഫൈനലിലും എംബാപ്പെയുടെ സംഘത്തെ തോല്‍പ്പിച്ചതോടെ സ്ട്രീക്ക് നിലനിര്‍ത്താനും സ്പാനിഷ് താരത്തിന് സാധിച്ചു.
2024 യൂറോ സെമി ഫൈനലിലാണ് എംബാപ്പെയും യമാലും നേര്‍ക്കുനേര്‍ വരുന്നത്. അന്ന് സ്പാനിഷ് സംഘം ഫ്രാന്‍സിനെ 2 -1 എന്ന സ്‌കോറില്‍ തോല്‍പ്പിച്ച് ഫൈനലിലേക്ക് മുന്നേറി. പിന്നാലെ ഇംഗ്ലണ്ടിനെ കലാശപ്പോരില്‍ പരാജയപ്പെടുത്തി കപ്പുയര്‍ത്തുകയും ചെയ്തു.
പിന്നീട് ഇരുവരും സ്പാനിഷ് കപ്പ് ഫൈനലാണ് എംബാപ്പെയും യമാലും എതിരാളികളായി വരുന്നത്. അന്നും യമാലിന്റെ ടീമിനോട് തോല്‍വി വഴങ്ങാനായിരുന്നു എംബാപ്പെയുടെ വിധി. 2025ല്‍ റയല്‍ മാഡ്രിഡിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു യമാലും ബാര്‍സലോണയും വിജയികളായത്.
ആ വര്‍ഷം തന്നെ കോപ്പ ഡെല്‍ റേ ഫൈനലിലും യമാലിന്റെ ബാഴ്‌സയും എംബാപ്പെയുടെ റയലും വീണ്ടും ഏറ്റുമുട്ടി. അന്നും എംബാപ്പെയ്ക്ക് ലിറ്റില്‍ ഡെവിലിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. 2025ല്‍ ഒരിക്കല്‍ കൂടി എംബാപ്പെയും യമാലും എതിരാളികളായി കളത്തിലിറങ്ങി.
യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനലിലായിരുന്നു ഇത്. അന്ന് യമാലിന്റെ സ്‌പെയ്ന്‍ 5 – 4 എന്ന സ്‌കോറിന് ഫ്രാന്‍സിനെ പരാജയപ്പെടുത്തി. അതോടെ എംബാപ്പെയ്ക്ക് വീണ്ടും കണ്ണീരോട് മടങ്ങേണ്ടി വന്നു.
അതിനുശേഷം 2026 സ്പാനിഷ് സൂപ്പര്‍ കപ്പിലും യമാല്‍ ഫ്രഞ്ച് നായകനെ തോല്‍പ്പിച്ചു. ഇപ്പോള്‍ ഈ ലോകകപ്പ് സെമി ഫൈനലിലും എംബാപ്പെയ്ക്ക് ലാ റോജയുടെ രാജകുമാരന് മുന്നില്‍ കാലിടറിയിരിക്കുകയാണ്.
Content Highlight: FIFA World Cup 2026: Lamine Yamal have 100 % win against Kylian Mbappe in tittle race