| Friday, 3rd July 2026, 9:55 am

ഗോളടിക്കാതെ എംബാപ്പെയെ വീഴ്ത്തി യമാല്‍; ചരിത്രം കുറിച്ച് ലാ റോജയുടെ പടയാളി

ഫസീഹ പി.സി.

ഫിഫ ലോകകപ്പ് 2026ല്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍. ലോസ് ഏഞ്ചല്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഓസ്ട്രിയയെ തകര്‍ത്താണ് ലാ റോജാസിന്റെ കുതിപ്പ്. മൈക്കല്‍ ഒയാര്‍സബാലും പെഡ്രോ പോറോയുമാണ് ടീമിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

മത്സരത്തില്‍ ഗോള്‍ നേടുകയും ഗോളിനായി വഴിയൊരുക്കുകയും ചെയ്തില്ലെങ്കിലും യുവതാരം ലാമിന്‍ യമാല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പത്ത് ഡ്രിബിളുകളും എതിരാളികളുടെ ബോക്‌സില്‍ പത്ത് ടച്ചുകളും താരം നടത്തിയിരുന്നു. ഇതോടെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും 18കാരന്‍ സ്വന്തമാക്കി.

ഇതിന് പുറമെ, സ്‌പെയിന്‍ ജയിച്ചതോടെ ഒരു സൂപ്പര്‍ നേട്ടവും യമാല്‍ തന്റെ പേരില്‍ കുറിച്ചു. പ്രധാന ടൂര്‍ണമെന്റുകളില്‍ പത്ത് മത്സരങ്ങളില്‍ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ യൂറോപ്യന്‍ താരമെന്ന നേട്ടമാണ് ലാ റോജയുടെ പടയാളി നേടിയത്. 18 വയസും 354 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം.

ഫ്രഞ്ച് നായകനായ കിലിയന്‍ എംബാപ്പെയെ മറികടന്നാണ് യമാല്‍ ഈ നേട്ടം കൈവരിച്ചത്. എംബാപ്പെ 23 വയസും 355 ദിവസവും പ്രായം ഉള്ളപ്പോഴായിരുന്നു ഈ നേട്ടത്തിലെത്തിരുന്നത്.

അതേസമയം, മത്സരത്തില്‍ തുടക്കം മുതല്‍ തന്നെ സ്‌പെയിന്‍ ആധിപത്യം നേടിയിരുന്നു. മൂര്‍ച്ചയേറിയ ആക്രമണങ്ങള്‍ക്കൊടുവില്‍ 36ാം മിനിട്ടില്‍ സ്പാനിഷ് പട ലീഡ് നേടി. മാര്‍ക്ക് കുക്കുറെല്ലയുടെ പന്ത് സ്വീകരിച്ച് മൈക്കല്‍ ഒയാര്‍സബാലാണ് ടീമിന് ലീഡ് സമ്മാനിച്ചത്.

രണ്ടാം പകുതി തുടങ്ങി ഏറെ വൈകാതെ തന്നെ സ്‌പെയിന്‍ രണ്ടാം ഗോളും അടിച്ചു. ഇത്തവണ പെഡ്രോ പോറോയാണ് വല കുലുക്കിയത്. അലെക്‌സ് ബെയ്നയുടെ അസിസ്റ്റില്‍ 66ാം മിനിട്ടിലായിരുന്നു ഈ ഗോള്‍.

മത്സരത്തില്‍ നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം ബാക്കി നില്‍ക്കെ ഒയാര്‍സബാല്‍ ഒരിക്കല്‍ കൂടി ഓസ്ട്രിയയെ ഞെട്ടിച്ചു. ഇത്തവണയും താരത്തിന് പന്തെത്തിച്ച് നല്‍കിയത് മാര്‍ക്ക് കുക്കുറെല്ലയാണ്.

Content Highlight: FIFA World Cup 2026: Lamine Yamal become youngest European player in history to end on the winning side in 10 matches at major tournaments by surpassing Kylian Mbappe

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

Latest Stories

We use cookies to give you the best possible experience. Learn more