| Wednesday, 10th June 2026, 8:57 am

അഞ്ച് ലോകകപ്പ് കളിച്ച മെസിക്കും റോണോക്കുമില്ലാത്തത്; ചരിത്രനേട്ടവുമായാണ് എംബാപ്പെയുടെ വരവ്

ഫസീഹ പി.സി.

ഒരൊറ്റ ദിവസത്തിന്റെ കാത്തിരിപ്പിനൊടുവില്‍ ലോകത്തിന്റെ വിവിധ തെരുവോരങ്ങളില്‍ 2026 ഫിഫ ലോകകപ്പിന്റെ ആരവങ്ങളുയരും. ജൂണ്‍ 11 മുതല്‍ പിന്നീട് ജൂലൈ 19 വരെ ഒരു മാസക്കാലം ഫുട്‌ബോള്‍ ആരാധകരുടെ ആഘോഷരാവാണ്. ലോകകപ്പിന്റെ 23ാം എഡിഷന് അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവരാണ് ആതിഥേയത്വം വഹിക്കുന്നത്.

48 രാജ്യങ്ങളാണ് ഇത്തവണത്തെ ലോകകപ്പിനായി മാറ്റുരക്കുന്നത്. ഓരോ ടീമിന്റെയും ലക്ഷ്യം കിരീടമുയര്‍ത്തുക തന്നെ. കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സും അതില്‍ കുറഞ്ഞതൊന്നും സ്വപ്നം കാണുന്നുണ്ടാവില്ല. കഴിഞ്ഞ തവണ മെസിപടയ്ക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വന്ന കപ്പ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടാണ് ഫ്രഞ്ച് പട ഇത്തവണത്തെ ടൂര്‍ണമെന്റിന് ഇറങ്ങുന്നത്.

കിലിയന്‍ എംബാപ്പെ.

ഈ ലക്ഷ്യത്തില്‍ ഇറങ്ങുന്ന ഫ്രഞ്ച് നായകന്‍ എംബാപ്പെ ഒരു അപൂര്‍വ റെക്കോഡുമായാണ് കളത്തിലിറങ്ങുക. അഞ്ച് ലോകകപ്പ് വീതം കളിച്ച സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിക്കോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കോ ഇല്ലാത്ത നേട്ടമാണ് താരം തന്റെ കൈപ്പിടിയില്‍ ഒരുക്കിയിരിക്കുന്നത്.

ലോകകപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന നേട്ടമാണ് എംബാപ്പെ സ്വന്തമായുള്ളത്. രണ്ട് ഫൈനലുകള്‍ കളിച്ച താരം നാല് ഗോളുകളാണ് നേടിയത്. 2018 ഫൈനലില്‍ ക്രൊയേഷ്യക്കെതിരെയാണ് ഫൈനലില്‍ താരം ആദ്യ ഗോള്‍ നേടിയത്.

പിന്നാലെ അടുത്ത ലോകകപ്പിലും എംബാപ്പെ ഗോളടിച്ചു. 2022ല്‍ ഖത്തറില്‍ നടന്ന ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കെതിരെ ഹാട്രിക്ക് നേടിയാണ് ഫ്രഞ്ച് ഫോര്‍വേഡ് ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത്. ഇതിനൊപ്പം ഫൈനലില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും 27കാരന്‍ സ്വന്തമാക്കിയിരുന്നു.

2022 ഫൈനലിൽ ഗോൾ നേടിയ കിലിയൻ എംബാപ്പെ.

ലോകകപ്പില്‍ ഫൈനലില്‍ ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന ചരിത്രം കുറിച്ച ഇംഗ്ലണ്ടിന്റെ ജെഫ് ഹഴ്സ്റ്റിനെ മറികടന്നായിരുന്നു താരത്തിന്റെ ഈ നേട്ടം. നിലവില്‍ രണ്ടാമതുള്ള ഇംഗ്ലണ്ട് താരത്തിന് മൂന്ന് ഗോളുകളാണുള്ളത്.

ലോകകപ്പ് ഫൈനലുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങള്‍

(താരം – ടീം – ഗോളുകള്‍ എന്നീ ക്രമത്തില്‍)

കിലിയന്‍ എംബാപ്പെ – ഫ്രാന്‍സ് – 4

ജെഫ് ഹഴ്സ്റ്റ് – ഇംഗ്ലണ്ട് – 3

സിനദിന്‍ സിദാന്‍ – ഫ്രാന്‍സ് – 3

പെലെ – ബ്രസീല്‍ – 3

വാവ – ബ്രസീല്‍ – 3

അതേസമയം ലോകകപ്പില്‍ ഗ്രൂപ്പ് ഐ-യിലാണ് ഫ്രാന്‍സ് ഇടം പിടിച്ചിരിക്കുന്നത്. സെനഗല്‍, ഇറാഖ്, നോര്‍വേ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 17ന് സെനഗലിനെതിരെയാണ് ഫ്രഞ്ച് പടയുടെ ലോകകപ്പിലെ ആദ്യ മത്സരം.

Content Highlight: FIFA World Cup 2026: Kylian Mbappe top the list most goals in FIFA World Cup final

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more