2026 ഫിഫ ലോകകപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിന് ഒരുങ്ങുകയാണ് മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നാളെ (ജൂണ്‍ 27) പുലര്‍ച്ചെ 12.30 നടക്കുന്ന മത്സരത്തില്‍ നോര്‍വേയാണ് എതിരാളികള്‍.
ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചെത്തുന്ന ഫ്രാന്‍സും നോര്‍വേയും അവസാന മത്സരവും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ നോക്കൗട്ട് മത്സരങ്ങള്‍ക്ക് ഒരുങ്ങാനാവും ലക്ഷ്യമിടുക. ഈ മത്സരത്തിന് സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയും ഏര്‍ലിങ് ഹാലണ്ടും നേര്‍ക്കുനേര്‍ വരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
മത്സരത്തിനായി കളത്തിലിറങ്ങുമ്പോള്‍ ഫ്രഞ്ച് നായകന്‍ എംബാപ്പെയ്ക്ക് ഒരു സൂപ്പര്‍ നേട്ടം കൈവരിക്കാനുള്ള അവസരമുണ്ട്. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഗോള്‍ വേട്ടക്കാരന്‍ എന്ന നേട്ടമാണ് മുന്നിലുള്ളത്.
നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാമത് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ്. താരത്തിന് 28 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളുണ്ട്. മിശിഹയ്ക്ക് തൊട്ട് പിന്നിലായി തന്നെയാണ് എംബാപ്പെയുടെ സ്ഥാനം.
16 മത്സരങ്ങളില്‍ പന്തുതട്ടിയ എംബാപ്പെയുടെ സമ്പാദ്യം 16 ഗോളുകളാണ്. നോര്‍വേക്കെതിരെ മൂന്ന് ഗോളുകള്‍ നേടിയാല്‍ ഫ്രഞ്ച് താരത്തിന് ഈ നേട്ടത്തില്‍ മെസിയെ മറികടന്ന് ഒന്നാമതെത്താന്‍ സാധിക്കും.
(താരം – ടീം – മത്സരം – ഗോള്‍ എന്നീ ക്രമത്തില്‍)
ലയണല്‍ മെസി -അര്‍ജന്റീന – 28 – 18
കിലിയന്‍ എംബാപ്പെ – ഫ്രാന്‍സ് – 16 – 16
മിറോസ്ലാവ് ക്ലോസെ – ജര്‍മനി – 24 -16
റൊണാള്‍ഡോ നസാരിയോ ബ്രസീല്‍ – 19 – 15
ഗെർഡ് മുള്ളര്‍ – ജര്‍മനി – 13 – 14
ജസ്റ്റ് ഫോണ്ടൈന്‍ -ഫ്രാന്‍സ് – 6 – 13
കിലിയൻ എംബാപ്പെ. Photo: IMFURAYACU Jean Luc/x.com
ലോകകപ്പില്‍ എംബാപ്പെ തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ താരം നാല് ഗോളുകള്‍ നേടിയിട്ടുണ്ട്. ആദ്യ രണ്ട് മത്സരത്തിലും ഇരട്ട ഗോളുകളാണ് ഫ്രഞ്ച് നായകന്‍ എതിരാളികളുടെ വലയിലെത്തിച്ചത്.
Content Highlight: FIFA World Cup 2026: Kylian Mbappe needs three goals to surpass Lionel Messi in most goals in FIFA World Cup history