| Friday, 10th July 2026, 6:49 pm

മുള്ളര്‍ക്ക് ശേഷം രണ്ടാമന്‍; ഐതിഹാസിക നേട്ടത്തില്‍ എംബാപ്പെ

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പില്‍ ഫ്രാന്‍സ് സെമി ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലെസ് ബ്ലൂസ് സെമി ഫൈനലില്‍ പ്രവേശിച്ചത്. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ കിലിയന്‍ എംബാപ്പയുടെയും ഉസ്മാന്‍ ഡെംബലയുടെയും തകര്‍പ്പന്‍ ഗോളുകളുടെ കരുത്തിലാണ് ഫ്രഞ്ച് പടയുടെ വിജയം.

മല്‍സരത്തില്‍ എംബാപ്പെയാണ് ഫ്രാന്‍സിനായി ആദ്യം വല കുലുക്കിയത്. 60ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ആദ്യ പകുതിയില്‍ പെനാല്‍റ്റി നഷ്ടമാക്കിയതിന് ശേഷമാണ് ഫ്രഞ്ച് ക്യാപ്റ്റന്റെ ഈ തിരിച്ചുവരവ്. ഇതിനൊപ്പം ഡെംബലെ അടിച്ച ടീമിന്റെ രണ്ടാം ഗോളിനും താരം വഴിയൊരുക്കിയിരുന്നു.

ഇതോടെ ഈ ലോകകപ്പില്‍ തന്റെ ഗോള്‍ കോണ്‍ട്രിബൂഷന്‍ 11 ആയി ഉയര്‍ത്താന്‍ എംബാപ്പെയ്ക്ക് സാധിച്ചു. ഒപ്പം ഒരു സൂപ്പര്‍ നേട്ടവും താരം തന്റെ പേരില്‍ കുറിച്ചു.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്‍ട്രിബൂഷന്‍ നടത്തുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് ഫ്രഞ്ച് നായകന്‍ സ്വന്തമാക്കിയത്. എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് താരം ഈ എഡിഷനില്‍ നേടിയിട്ടുള്ളത്.

ഗെര്‍ഡ് മുള്ളറാണ് ആദ്യം ഈ നേട്ടം കരസ്ഥമാക്കിയത്. 1970 ലോകകപ്പില്‍ ജര്‍മന്‍ ഫുട്‌ബോളര്‍ പത്ത് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിരുന്നു.

അതേസമയം, മത്സരത്തില്‍ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എംബാപ്പെയുടെ ഗോള്‍ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പേ ലെസ് ബ്ലൂസ് ഒരിക്കല്‍ കൂടി വല കുലുക്കി.

ഡെംബലെയിലൂടെയാണ് ഫ്രാന്‍സ് രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്തത്. 66ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഈ ഗോള്‍ പിറന്നത്. പിന്നീട് ഗോള്‍ നേട്ടം ഉയര്‍ത്താന്‍ മികച്ച മുന്നേറ്റങ്ങള്‍ ഫ്രഞ്ച് സംഘം നടത്തിയെങ്കിലും മൊറോക്കോ പ്രതിരോധം ശക്തമായി നിലയുറപ്പിക്കുകയായിരുന്നു.

ജൂലൈ 15നാണ് ഫ്രാന്‍സ് സെമി ഫൈനല്‍ പോരാട്ടത്തിനായി കളത്തിലിറങ്ങുന്നത്. സ്പെയ്ന്‍- ബെല്‍ജിയം മത്സരത്തിലെ വിജയികളെ ആയിരിക്കും മുന്‍ ചാമ്പ്യന്‍മാര്‍ നേരിടുക.

Content Highlight: FIFA World Cup 2026: Kylian Mbappe equals with Gerd Muller in most goal involvements by a player in a single edition

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

Latest Stories

We use cookies to give you the best possible experience. Learn more