2026 ഫിഫ ലോകകപ്പില്‍ ഫ്രാന്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ലെസ് ബ്ലൂസിന്റെ സെമി പ്രവേശം. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ കിലിയന്‍ എംബാപ്പയുടെയും ഉസ്മാന്‍ ഡെംബലയുടെയും തകര്‍പ്പന്‍ ഗോളുകളുടെ കരുത്തിലാണ് ഫ്രഞ്ച് പട വിജയിച്ചു കയറിയത്.
മല്‍സരത്തില്‍ 60ാം മിനിട്ടില്‍ എംബാപ്പെയാണ് ഫ്രാന്‍സിനായി ആദ്യം ലീഡ് നേടിയത്. ആദ്യ പകുതിയില്‍ പെനാല്‍റ്റി നഷ്ടമാക്കിയ താരം ഗോള്‍ നേടി തിരിച്ചുവരികയായിരുന്നു. ഇതിനൊപ്പം ഡെംബലെ അടിച്ച ടീമിന്റെ രണ്ടാം ഗോളിന് താരമാണ് അസിസ്റ്റ് നല്‍കിയത്.
ഗോളും അസിസ്റ്റും നേടിയതോടെ എംബാപ്പെ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഫ്രാന്‍സിനായി 100 ഗോള്‍ കോൺട്രിബൂഷൻ നടത്തുന്ന ആദ്യ താരമെന്ന നേട്ടമാണ് നായകന്‍ തന്റെ പേരില്‍ കുറിച്ചത്. 64 ഗോളുകളും 36 അസിസ്റ്റുകളുമാണ് 27കാരന്‍ ഫ്രഞ്ച് ടീമിനായി നേടിയിട്ടുള്ളത്.
അതേസമയം, മത്സരത്തില്‍ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. എന്നാല്‍, പകുതിയില്‍ എംബാപ്പെയുടെ ഗോള്‍ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പേ ലെസ് ബ്ലൂസ് ഒരിക്കല്‍ കൂടി വല കുലുക്കി.
ഡെംബലെയിലൂടെയാണ് ഫ്രാന്‍സ് രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്തത്. 66ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഈ ഗോള്‍ പിറന്നത്. പിന്നീട് ഗോള്‍ നേട്ടം ഉയര്‍ത്താന്‍ മികച്ച മുന്നേറ്റങ്ങള്‍ ഫ്രഞ്ച് സംഘം നടത്തിയെങ്കിലും മൊറോക്കോ പ്രതിരോധം ശക്തമായി നിലയുറപ്പിക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ലെസ് ബ്ലൂസ് തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് സെമി ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ 15നാണ് ഫ്രാന്‍സ് സെമി ഫൈനല്‍ മത്സരത്തിന് കളത്തിലിറങ്ങുന്നത്. സ്പെയ്ന്‍- ബെല്‍ജിയം മത്സരത്തിലെ വിജയികളെ ആയിരിക്കും എംബാപ്പെയും സംഘവും നേരിടുക.
Content Highlight: FIFA World Cup 2026: Kylian Mbappe became first player to be involved in 100 goals for the France national team