2026 ഫിഫ ലോകകപ്പില്‍ കരുത്തരായ നെതര്‍ലാന്‍ഡ്‌സിനെ സമനിലയില്‍ തളച്ച് ജപ്പാന്‍. ഡല്ലാസ് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകള്‍ അടിച്ചാണ് സമനില സ്വന്തമാക്കിയത്. പിന്നിലായതിന് ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാണ് ജപ്പാന്റെ ആവേശ സമനില.
മത്സരത്തിനിടെ ഗോൾനേട്ടം ആഘോഷിക്കുന്ന ജപ്പാൻ താരങ്ങൾ.
സമനില സ്വന്തമാക്കിയതോടെ യൂറോപ്യന്‍ ടീമുകള്‍ക്കെതിരെയുള്ള തങ്ങളുടെ അപരാജിത കുതിപ്പ് തുടരാന്‍ ജപ്പാന് സാധിച്ചു. 2019ന് ശേഷം ഒരു യൂറോപ്യന്‍ ടീമിന് മുന്നിലും സമുറായി ബ്ലൂ ഇതുവരെ മുട്ടുമടക്കിയിട്ടില്ല.
സ്‌കോട്‌ലാന്‍ഡിനെതിരെയുള്ള വിജയത്തോടെയാണ് ജപ്പാന്റെ ഈ കുതിപ്പിന് തുടക്കമായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സൗഹൃദ മത്സരത്തില്‍ ജപ്പാന്റെ വിജയം. പിന്നാലെ മറ്റൊരു സൗഹൃദ മത്സരത്തില്‍ ജര്‍മനിയെയും ടീം മലത്തിയടിച്ചു.
ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു അന്ന് ജപ്പാന്റെ വിജയം. പിന്നാലെ ക്രൊയേഷ്യയെ 2022 ലോകകപ്പില്‍ വിറപ്പിച്ച് സമനില നേടി. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയിരുന്നു.
2022 ലോകകപ്പിലെ ജപ്പാൻ – ജർമനി മത്സരത്തിൽ നിന്നും
പിന്നീട് ഖത്തര്‍ ലോകകപ്പില്‍ സ്‌പെയിനിനെയും ജാപ്പനീസ് ടീം അടിയറവ് പറയിപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മുന്‍ ചാമ്പ്യന്മാര്‍ക്കെതിരെ ടീം വിജയിച്ചത്. പിന്നാലെ ഒരിക്കല്‍ കൂടി ജര്‍മനിയെയും സമുറായി ബ്ലൂ വീഴ്ത്തി. ഖത്തര്‍ ലോകകപ്പില്‍ ഒന്നിനെതിരെ രണ്ടിനായിരുന്നു ടീമിന്റെ വിജയം.
അതിനുശേഷം ജപ്പാൻ ഇംഗ്ലണ്ടിനെയും ഐസ്ലാൻഡിനെയും സൗഹൃദ മത്സരങ്ങളില്‍ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഓരോ ഗോളുകള്‍ക്കായിരുന്നു ഈ മത്സരങ്ങളിലെ വിജയങ്ങള്‍. ഇപ്പോള്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ സമനില നേടിയതോടെ ഈ അപരാജിത കുതിപ്പ് തുടരാന്‍ സാധിച്ചു.
അതേസമയം, മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് നെതര്‍ലാന്‍ഡ്സായിരുന്നു. 51ാം മിനിട്ടില്‍ ഡച്ച് ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ജിക്കാണ് ആദ്യ ഗോള്‍ നേടിയത്. ആറ് മിനിട്ടുകള്‍ക്കപ്പുറം ജപ്പാന്‍ തിരിച്ചടിച്ചു.
2026 ഫിഫ ലോകകപ്പിൽ ഏറ്റുമുട്ടുന്ന ജപ്പാനും നെതർലാൻഡ്‌സും.
57ാം മിനിട്ടില്‍ കെയ്തോ നകാമുറ ജപ്പാനായി ആദ്യമായി വല കുലുക്കിയത്. 64ാം മിനിട്ടില്‍ ഡച്ച് പട വീണ്ടും ലീഡ് സ്വന്തമാക്കി. ക്രിസെന്‍സിയോ സമ്മര്‍വില്ലായിരുന്നു ടീമിന് രണ്ടാം ഗോള്‍ സമ്മാനിച്ചത്.
നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിട്ട് ബാക്കി നില്‍ക്കെ ജപ്പാന്‍ സമനില പിടിച്ചെടുത്തു. 89ാം മിനിട്ടില്‍ ഡായ്ച്ചി കമഡയുടെ വകയായിരുന്നു ഈ ഗോള്‍.
Content Highlight: FIFA World Cup 2026: Japan extends their unbeaten run against European nations since 2019 with draw against Netherlands