2026 ഫിഫ ലോകകപ്പില്‍ ഡി.ആര്‍. കോംഗോക്കെയെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് കരുത്തരായ ഇംഗ്ലണ്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ത്രീ ലയണ്‍സിന്റെ വിജയം. മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയതിന് ശേഷമായിരുന്നു ടീമിന്റെ ഉഗ്രന്‍ തിരിച്ചുവരവ്.
നായകന്‍ ഹാരി കെയ്നിന്റെ കരുത്തിലായിരുന്നു ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. രണ്ട് തവണ വല കുലുക്കിയാണ് താരം ടീമിനെ പ്രീ ക്വാര്‍ട്ടറിലെത്തിച്ചത്. 75, 86 മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.
ഇതോടെ കെയ്ന്‍ ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ മുന്നേറി. ഈ നേട്ടത്തില്‍ ആറാം സ്ഥാനത്തേക്കാണ് താരം കുതിച്ചത്. 13 ഗോളുകള്‍ അടിച്ചാണ് ഇംഗ്ലണ്ട് നായകന്റെ മുന്നേറ്റം. ഈ ലിസ്റ്റില്‍ കൈനിപ്പോള്‍ മുന്‍ ഫ്രാന്‍സ് താരം ജസ്റ്റ് ഫോണ്ടൈന്റെ ഒപ്പമാണ്.
ബ്രസീല്‍ ഇതിഹാസം പെലെയെ മറികടന്നാണ് കെയ്ന്‍ ആറാം സ്ഥാനത്തെത്തിയത്. ലോകകപ്പില്‍ 14 മത്സരങ്ങള്‍ കളിച്ച പെലെ 12 ഗോളുകള്‍ നേടിയിട്ടുണ്ട്.
(താരം – ടീം – മത്സരം – ഗോള്‍ എന്നീ ക്രമത്തില്‍)
ലയണല്‍ മെസി – അര്‍ജന്റീന – 29 – 19
കിലിയന്‍ എംബാപ്പെ – ഫ്രാന്‍സ് – 18 – 18
മിറോസ്ലാവ് ക്ലോസെ – ജര്‍മനി – 24 -16
റൊണാള്‍ഡോ നസാരിയോ ബ്രസീല്‍ – 19 – 15
ഗെര്‍ഡ് മുള്ളര്‍ – ജര്‍മനി – 13 – 14
ഹാരി കെയ്ന്‍ – ഇംഗ്ലണ്ട് – 15 -13
ജസ്റ്റ് ഫോണ്ടൈന്‍ – ഫ്രാന്‍സ് – 6 – 13
പെലെ – ബ്രസീല്‍ – 14 – 12
അതേസമയം, മത്സരത്തില്‍ ഏഴാം മിനിട്ടില്‍ തന്നെ ഡി.ആര്‍. കോംഗോ ലീഡ് നേടിയിരുന്നു. ബ്രയാന്‍ സിപെംഗയാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. ഈ ഷോക്കില്‍ നിന്ന് കരകയറാന്‍ ത്രീ ലയണ്‍സിന് രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങള്‍ വരെ കാത്തിരിക്കേണ്ടി വന്നു.
നായകന്‍ കെയ്ന്‍ അവസാന 15 മിനിട്ടില്‍ ഇരട്ട ഗോളടിച്ച് ഇംഗ്ലണ്ടിനെ വിജയിപ്പിക്കുകയായിരുന്നു. ആന്റണി ഗോര്‍ഡനാണ് ഈ രണ്ടിന് ഗോളിനും വഴിയൊരുക്കിയത്.
Content Highlight: FIFA World Cup 2026: Harry Kane surpassed Pele in most goals in FIFA World Cup history