| Monday, 15th June 2026, 7:00 am

അഞ്ചില്‍ മൂന്നും ജര്‍മനി; ഗോളടി മേളത്തില്‍ നേടിയത് സ്‌പെഷ്യല്‍ ഹാട്രിക്

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പില്‍ തകര്‍പ്പന്‍ വിജയവുമായി ജര്‍മനി. ഹ്യൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അരങ്ങേറ്റക്കാരായ കുഞ്ഞന്‍ ടീം കുറസാവോയെ ഗോളില്‍ മുക്കിയാണ് ടീമിന്റെ ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ ഏഴ് ഗോളിനാണ് മുന്‍ചാമ്പ്യന്മാരുടെ വിജയം.

കൈ ഹാവെര്‍ട്‌സ് ഇരട്ട ഗോളുകളും ഫെലിക്‌സ് നെമെച്ച, നിക്കോ ഷോട്ടര്‍ബെക്ക്, ജമാല്‍ മുസിയാല, നഥാനിയേല്‍ ബ്രൗണ്‍, ഡെനിസ് ഉന്‍ഡവ് എന്നനിവര്‍ ഓരോ ഗോള്‍ വീതം ജര്‍മനിക്കായി നേടി. മറുവശത്ത് ലീവാനോ കോമെനെന്‍സിയ കുറസാവോക്ക് വേണ്ടി സ്‌കോര്‍ ചെയ്തു.

ജർമനി – കുറസാവോ മത്സരത്തിൽ നിന്നും.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ മഴ പെയ്യിച്ചതോടെ ഒരു അപൂര്‍വ ലിസ്റ്റില്‍ ഒരിക്കല്‍ കൂടി ജര്‍മനി തങ്ങളുടെ പേര് ചേര്‍ത്തു. ഈ നൂറ്റാണ്ടില്‍ അഞ്ച് തവണ മാത്രമാണ് ഫിഫ ലോകകപ്പ് മത്സരങ്ങളില്‍ ഒരു ഏഴ് ഗോളിലധികം സ്‌കോര്‍ ചെയ്തിട്ടുള്ളത്.

അതില്‍ മൂന്ന് മത്സരങ്ങളിലും ജര്‍മനിയാണ് എതിരാളികളുടെ വല ഏഴ് തവണ കുലുക്കിയത്. 2002 ലോകകപ്പില്‍ സൗദി അറേബ്യക്കെതിരെയായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ ആദ്യ കൂറ്റന്‍ വിജയം. അന്ന് ഏകപക്ഷീയമായ എട്ട് ഗോളിനായിരുന്നു ജര്‍മനിയുടെ വിജയം.

2014 ലോകകപ്പിലെ ജർമനി – ബ്രസീൽ മത്സരത്തിൽ നിന്നും.

പിന്നീട് 2014 ലോകകപ്പിലായിരുന്നു ജര്‍മനി വീണ്ടും ഏഴ് ഗോളടിച്ച് ഞെട്ടിച്ചത്. എതിരാളികളായി മറുവശത്തുണ്ടായിരുന്നത് വമ്പന്മാരായ ബ്രസീലായിരുന്നു. അന്ന് ഒന്നിനെതിരെ ഏഴ് ഗോളിനായിരുന്നു ടീമിന് വിജയം സ്വന്തമാക്കിയത്.

ഇപ്പോള്‍ 2026 ലോകകപ്പിലും ഏഴ് ഗോളടിച്ച് ജര്‍മന്‍പട ഒരിക്കല്‍ കൂടി ലിസ്റ്റില്‍ തങ്ങളുടെ പേര് ചേര്‍ത്തു. ജര്‍മനിക്ക് പുറമെ, സ്‌പെയിനും പോര്‍ച്ചുഗലുമാണ് 2000ന് ശേഷം ഒരു ലോകകപ്പ് മത്സരത്തില്‍ ഏഴ് ഗോളുകള്‍ അടിച്ചത്.

Content Highlight: FIFA World Cup 2026: Germany has scored 7+ goals in three World Cup matches out of five all matches in this century

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more