| Saturday, 4th July 2026, 9:43 am

ചരിത്രവിജയവുമായി ഈജിപ്ത്; ഓസ്ട്രേലിയയെ തകര്‍ത്ത് നേടിയത് വമ്പന്‍ നേട്ടം

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഈജിപ്ത് പ്രീക്വാര്‍ട്ടറില്‍. ഇന്ന് പുലര്‍ച്ചെ ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ദി ഫറവോസ് വിജയിച്ചുകയറിയത്.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം അടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ആദ്യം എക്‌സ്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍റ്റി ഷൂട്ടിലെക്കും നീങ്ങിയത്. വിജയിച്ചതോടെ ഈജിപ്ത് ചരിത്രത്തിലാദ്യമായി നോക്കൗട്ടില്‍ ഒരു വിജയം സ്വന്തമാക്കി.

മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ഈജിപ്ത് ലീഡ് നേടിയിരുന്നു. 13ാം മിനിട്ടിലായിരുന്നു ടീമിനെ മുന്നിലെത്തിച്ച ഗോള്‍ പിറന്നത്. ഇമാം അഷൂറാണ് ആഫ്രിക്കന്‍ കരുത്തര്‍ക്ക് വേണ്ടി വല കുലുക്കിയത്. കരീം ഹഫീസ് നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

ആദ്യ പകുതിയില്‍ ശേഷിക്കുന്ന സമയത്ത് ഇരു ടീമുകളും മുന്നേറ്റങ്ങളുമായി കുതിച്ചു. എന്നാല്‍, അവയൊന്നും ഫലം കണ്ടില്ല. ഇതേ സ്‌കോറിൽ തന്നെ രണ്ടാം പകുതിയിലേക്ക് കളി നീണ്ടു.

എന്നാല്‍, മത്സരം പുനരാംഭിച്ച് പത്ത് മിനിട്ടുകള്‍ക്കകം ഓസ്‌ട്രേലിയ ഈജിപ്തിനൊപ്പമെത്തി. 55ാം മിനിട്ടില്‍ ഓസ്ട്രേലിയയ്ക്ക് അനുകൂലവുമായി ലഭിച്ച ഫ്രീകിക്ക് തട്ടിയകറ്റുന്നതിനിടെ ഓണ്‍ ഗോളായതോടെയാണ് ഏഷ്യന്‍ ടീം സമനില പിടിച്ചത്. ഓസീസിനായി എയ്ഡന്‍ ഓ നീല്‍ എടുത്ത കിക്ക് ഈജിപ്ഷ്യന്‍ താരം മുഹമ്മദ് ഹാനിയുടെ തലയില്‍ തട്ടി വലയിലെത്തുകയിരുന്നു.

പിന്നാലെ, ഈജിപ്തും ഓസ്ട്രേലിയയും മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു കളിച്ചു. അവയൊന്നും ഫലം കാണാതെ വന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. അധിക സമയത്തും ഇരു ടീമുകളും ഗോളിനായി ശ്രമം നടത്തി. എന്നാല്‍, സമനില തകര്‍ക്കാന്‍ ഇരുടീമുകള്‍ക്കും സാധിക്കാതെ വന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മുന്നേറി.

ഷൂട്ടൗട്ടില്‍ ഈജിപ്ത് തങ്ങളുടെ നാല് ഷോട്ടുകളും പിഴവുകള്‍ വരുത്താതെ വലയിലെത്തിച്ചു. മഹമൂദ് സാബര്‍, റാമി റാബിയ, മുഹമ്മദ് സല, ഹൊസാം അബ്ദെല്‍മഗുയിഡ് എന്നിവരാണ് കിക്കെടുത്തത്.

മറുവശത്ത് ഓസ്ട്രേലിയയ്ക്ക് രണ്ട് ഷോട്ടുകള്‍ മാത്രമാണ് വലയിലെത്തിക്കാന്‍ സാധിച്ചത്. ജാക്‌സണ്‍ ഇര്‍വിന്‍, അവെര്‍ മാബില്‍ എന്നിവര്‍ ഷോട്ടുകള്‍ കൃത്യമായി എടുത്തപ്പോള്‍ ഹാരി സൗട്ടര്‍, ലൂക്കാസ് ഹെറിങ്ടണ്‍ എന്നിവര്‍ക്ക് ലക്ഷ്യം കാണാനായില്ല. ഇതോടെ ഈജിപ്ത് ചരിത്രത്തിലാദ്യമായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുകയായിരുന്നു.

Content Highlight: FIFA World Cup 2026: Egypt advanced into pre quarter in for the first time in the history by defeating Australia

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more