| Sunday, 7th June 2026, 2:59 pm

കളിച്ച ആറില്‍ മൂന്നിലും മെഡല്‍; ഇത് ക്രോട്ടുകളുടെ ലോകകപ്പ് വീരഗാഥ

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പിന്റെ ആവേശവും ആരവങ്ങളും ഉയരാന്‍ ഇനി നാല് നാൾ മാത്രം. ജൂണ്‍ 11ന് ആദ്യ വിസില്‍ മുഴങ്ങിയതിന് ശേഷം ജൂലൈ 19 വരെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആഘോഷരാവായിരിക്കും . അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവര്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ 48 രാജ്യങ്ങളാണ് മാറ്റുരക്കുന്നത്.

കിരീടമെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് ഓരോ ടീമും കാലെടുത്തുവെക്കുമ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസം ലൂക്ക മോഡ്രിച്ചിനും അതില്‍ കുറഞ്ഞൊരു സ്വപ്നമില്ല. തന്റെ അഞ്ചാം ലോകകപ്പിലെത്തുമ്പോള്‍ അയാള്‍ക്ക് പ്രതീക്ഷകള്‍ ഏറെയായിരിക്കും. കാരണം മെസിയെയും റൊണാള്‍ഡോയെയും പോലെ ഇത് ചിലപ്പോള്‍ ക്രൊയേഷ്യന്‍ മജീഷ്യന്റെയും അവസാന ലോകകപ്പായേക്കാം.

കപ്പൊന്നും ഇതുവരെ നേടിയിട്ടില്ലെങ്കിലും ആരാധകരുടെ പ്രിയ ലുക്കിറ്റയും സംഘവും തലയുയര്‍ത്തി തന്നെയാണ് വിശ്വവേദിയില്‍ എത്തുന്നത്. കളിച്ച ലോകകപ്പുകളില്‍ തങ്ങളുടെ പ്രകടനം തന്നെയാണ് അതിലെ പ്രധാന ഘടകം.

ഇതുവരെ ആറ് ലോകകപ്പുകളിലാണ് ക്രൊയേഷ്യ പന്ത് തട്ടിയിട്ടുള്ളത്. 1998ല്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച ദി ബ്ലേസേഴ്‌സ് പിന്നീട് ഒറ്റ എഡിഷനില്‍ ഒഴികെ എല്ലാ ലോകകപ്പിലും തങ്ങളുടെ സാന്നിധ്യമറിയിച്ചു. അതില്‍ മൂന്ന് തവണയും മെഡലുമായായിരുന്നു ക്രോട്ടുകളുടെ മടക്കം.

തങ്ങളുടെ ആദ്യ ലോകകപ്പില്‍ തന്നെ മൂന്നാം സ്ഥാനക്കാരായി ഞെട്ടിച്ചാണ് ക്രൊയേഷ്യ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് 2002ലും 2006ലും 2010ലും 2014ലും അവര്‍ വീണ്ടും ലോകവേദിയിലെത്തി. എന്നാല്‍ ഈ മൂന്ന് തവണയും ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി.

എന്നാല്‍, 2018ലെ റഷ്യന്‍ ലോകകപ്പ് ക്രൊയേഷ്യക്ക് തിരിച്ചുവരവിന്റെ ടൂര്‍ണമെന്റായിരുന്നു. ഫൈനല്‍ വരെ കുതിപ്പ് തുടര്‍ന്ന ക്രോട്ടുകള്‍ ഫ്രാന്‍സിനോട് 4-2ന് തോല്‍ക്കുകയായിരുന്നു. 2022 ലോകകപ്പിലും ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായാണ് മടങ്ങിയത്.

ലൂസേഴ്സ് ഫൈനലില്‍ മൊറോക്കൊയെ തോല്‍പ്പിച്ചായിരുന്നു മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പ് ഘട്ടം കടന്ന എല്ലാ ടൂര്‍ണമെന്റിലും ടീമിന് സെമി കടക്കാനും ഒന്നില്‍ ഫൈനല്‍ വരെ എത്താനും രണ്ടെണ്ണെത്തില്‍ മൂന്നാമതെത്താനും ക്രൊയേഷ്യക്കായി.

ഈ അപൂര്‍വ ട്രാക്ക് റെക്കോഡുമായാണ് ക്രൊയേഷ്യ ഇത്തവണത്തെ ലോകകപ്പിനെത്തുന്നത്. ഗ്രൂപ്പ് എല്‍ -ലാണ് ക്രൊയേഷ്യ ഇടം പിടിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, ഘാന, പനാമ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 18ന് ഇംഗ്ലണ്ടുമായാണ് ക്രൊയേഷ്യയുടെ ആദ്യ മത്സരം.

Content Highlight: FIFA World Cup 2026: Croatia has won medals in three World Cups out six tournament they played

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more