ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പട 2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായാണ് ഒരുങ്ങുന്നത്. ഹ്യൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡി.ആര്‍. കോംഗോയാണ് പോര്‍ച്ചുഗലിന്റെ ആദ്യ എതിരാളി. ഇന്ന് (ജൂണ്‍ 17) രാത്രി ഇന്ത്യന്‍ സമയം 10.30 ആണ് മത്സരം അരങ്ങേറുക.
പോര്‍ച്ചുഗല്‍ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ റൊണാള്‍ഡോ തന്നെയായിരിക്കും ശ്രദ്ധാകേന്ദ്രം. മെസിയ്ക്ക് ശേഷം ആറ് ലോകകപ്പുകളില്‍ കളിക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കാന്‍ പോര്‍ച്ചുഗല്‍ നായകന് സാധിക്കും.
ഇതിനൊപ്പം ഒരു സൂപ്പര്‍ നേട്ടവും റോണോയ്ക്ക് സ്വന്തമാക്കാനുള്ള അവസരമുണ്ട്. ആറ് ലോകകപ്പുകളില്‍ ഗോള്‍ അടിക്കുന്ന ആദ്യ താരമെന്ന നേട്ടമാണിത്. 2006ല്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച താരം താന്‍ കളിച്ച ഓരോ ലോകകപ്പിലും ഗോള്‍ നേടിയിട്ടുണ്ട്.
അതിനാല്‍ തന്നെ അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടിയ രണ്ട് താരങ്ങളില്‍ ഒരാളാണ് റോണോ. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ് രണ്ടാമന്‍. 2026 ലോകകപ്പില്‍ അള്‍ജീരിയക്കെതിരെ ഗോള്‍ നേടിയതോടെയാണ് മെസി നേട്ടത്തിലെത്തിയത്.
അതേസമയം, ലോകകപ്പില്‍ റൊണാള്‍ഡോ എട്ട് ഗോളുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. 2006 ലോകകപ്പില്‍ ഒരു ഗോള്‍ അടിച്ചാണ് പറങ്കിപ്പടയുടെ കപ്പിത്താന്‍ തന്റെ വേട്ടക്ക് തുടക്കം കുറിച്ചത്. 2010, 2014 ലോകകപ്പുകളിലും റോണോ ഓരോ ഗോളുകള്‍ വീതം സ്‌കോര്‍ ചെയ്തു. 2018ല്‍ നാല് തവണയാണ് താരം വല കുലുക്കിയത്.
കഴിഞ്ഞ ലോകകപ്പിലും റോണോ ഗോള്‍ കണ്ടെത്തി. ഒരു ഗോളായിരുന്നു 2021ല്‍ താ രത്തിന്റെ സമ്പാദ്യം. ഇതോടെയാണ് അഞ്ച് ലോകകപ്പില്‍ ഗോള്‍ നേടിയ താരമെന്ന നേട്ടം സ്വന്തമാക്കിയത്.
ഇപ്പോള്‍ ഗോള്‍ നേടിയ എഡിഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വീണ്ടും റോണോയ്ക്ക് അവസരം വന്നിരിക്കുകയാണ്. ഇത്തവണ ഒരു ഗോളെങ്കിലും നേടിയാല്‍ ആറ് ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും റോണോയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
Content Highlight: FIFA World Cup 2026: Cristiano Ronaldo to become first player to score in six World Cup