| Tuesday, 23rd June 2026, 5:59 pm

ഇതിഹാസത്തെ വീഴ്ത്താന്‍ റോണോ; പോര്‍ച്ചുഗലിന്റെ ചരിത്രം തിരുത്താന്‍ കപ്പിത്താന്‍

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പിലെ ആദ്യ വിജയം തേടിയിറങ്ങുകയാണ് റൊണാള്‍ഡോയുടെ പറങ്കിപ്പട. ഇന്നാണ് ടീമിന്റെ രണ്ടാം ഗ്രൂപ്പ് മത്സരം. ഹ്യൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 10.30ന് നടക്കുന്ന മത്സരത്തില്‍ ഉസ്‌ബെകിസ്താനാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ റോണോയും സംഘവും തകര്‍പ്പന്‍ പ്രകടനം നടത്തി തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഈ മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ റോണോയ്ക്ക് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഫിഫ ലോകകപ്പിലെ പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന പട്ടമാണ് താരത്തെ കാത്തിരിക്കുന്നത്.

നിലവില്‍ മുന്‍ പോര്‍ച്ചുഗല്‍ സ്ട്രൈക്കര്‍ യൂസെബിയോയാണ് ഈ നേട്ടത്തില്‍ തലപ്പത്ത്. ഒരൊറ്റ ലോകകപ്പ് മാത്രം കളിച്ചാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 1966 ലോകകപ്പില്‍ ഒമ്പത് ഗോളുകള്‍ അടിച്ചിരുന്നു. താരത്തെ പിന്തള്ളി ഈ നേട്ടം സ്വന്തം പേരില്‍ കുറിക്കാനാണ് റോണോയ്ക്ക് സാധിക്കുക.

ആറ് ലോകകപ്പുകളില്‍ ബൂട്ടുകെട്ടിയ റോണോയ്ക്ക് എട്ട് ഗോളുകളാണുള്ളത്. ഇതുവരെ കളിച്ച അഞ്ച് ലോകകപ്പിലും താരം ഗോള്‍ അടിച്ചിട്ടുണ്ട്. 2006, 2010, 2014, 2022 എഡിഷനുകളില്‍ ഓരോ ഗോള്‍ വീതമാണ് പോര്‍ച്ചുഗല്‍ ഇതിഹാസം അടിച്ചത്. 2018ല്‍ താരം നാല് തവണയും റോണോ സ്‌കോര്‍ ചെയ്തു.

അതിനാല്‍ തന്നെ ഈ ലോകകപ്പില്‍ ഒരു ഗോള്‍ അടിച്ചാല്‍ യൂസെബായോയുടെ റെക്കോഡിനൊപ്പം എത്താന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കും. രണ്ട് ഗോളടിച്ചാല്‍ യൂസെബായോയെ മറികടന്ന് പോര്‍ച്ചുഗല്‍ നായകന് ഒന്നാമതെത്താം.

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ച പോര്‍ച്ചുഗല്‍ താരങ്ങള്‍, എണ്ണം

യൂസെബായോ – 9

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 8

പോളീറ്റ – 4

ഹോസെ അഗസ്റ്റോ – 3

ഹോസെ ടോറസ് – 3

ഗോണ്‍സാലോ റാമോസ് – 3

ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: fan/x.com

അതേസമയം, ആദ്യ മത്സരത്തില്‍ റൊണാള്‍ഡോ നിരാശപ്പെടുത്തിയിരുന്നു. ഒരു ഗോള്‍ പോലും അടിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, മൂന്ന് ഷോട്ടുകള്‍ മാത്രമാണ് താരത്തിന് എടുക്കാന്‍ കഴിഞ്ഞത്. രണ്ടാം മത്സരത്തില്‍ തിളങ്ങി ആ നിരാശ മായ്ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: FIFA World Cup 2026: Cristiano Ronaldo needs two goals t0 become Portugal’s World Cup top scorer

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

Latest Stories

We use cookies to give you the best possible experience. Learn more