| Sunday, 28th June 2026, 7:20 pm

ഗോളടിച്ചില്ലെങ്കിലും സൂപ്പര്‍ നേട്ടവുമായി റോണോ; മെസിക്ക് പിന്നില്‍ രണ്ടാമന്‍

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന മത്സരത്തില്‍ പോര്‍ച്ചുഗല്‍ സമനില വഴങ്ങിയിരുന്നു. കൊളംബിയക്കെതിരെ ഗോള്‍രഹിത സമനില വഴങ്ങിയതോടെ പറങ്കിപ്പട ഗ്രൂപ്പ് കെ-യിലെ രണ്ടാമന്മാരായി നോക്കൗട്ടിലേക്ക് കടന്നു.

മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗോളുകള്‍ ഒന്നും നേടാനായില്ലെങ്കിലും ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനായി. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് പോര്‍ച്ചുഗല്‍ നായകന്‍ സ്വന്തമാക്കിയത്.

25 മത്സരങ്ങള്‍ കളിച്ചാണ് റോണോ രണ്ടാം സ്ഥാനത്തെത്തിയത്. മുന്‍ ജര്‍മന്‍ താരം ലോഥര്‍ മത്തൗസിനൊപ്പമാണ് പോര്‍ച്ചുഗല്‍ ഇതിഹാസം രണ്ടാം സ്ഥാനം പങ്കിടുന്നത്. ഈ ലിസ്റ്റില്‍ ഒന്നാമത് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയാണ്. താരം 28 മത്സരങ്ങളാണ് ലോകകപ്പില്‍ കളത്തിലിറങ്ങയത്.

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങള്‍

(താരം – ടീം – മത്സരങ്ങള്‍ എന്നീ ക്രമത്തില്‍)

ലയണല്‍ മെസി – അര്‍ജന്റീന – 28

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – പോര്‍ച്ചുഗല്‍ – 25

ലോഥര്‍ മത്തൗസ് – ജര്‍മനി – 25

മിറോസ്ലാവ് ക്ലോസെ – ജര്‍മനി – 24

പൗലോ മാല്‍ഡിനി – ഇറ്റലി – 23

അതേസമയം മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച നീക്കങ്ങള്‍ നടത്തി. രണ്ടാം പകുതിയില്‍ കൊളംബിയ ഗോളിനായി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും പോര്‍ച്ചുഗീസ് പ്രതിരോധം ശക്തമായി നിലയുറപ്പിക്കുകയായിരുന്നു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമുകളും പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ പോര്‍ച്ചുഗലിന്റെ ഞെട്ടിച്ചു കൊണ്ട് കൊളംബിയ ഗോള്‍ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. സമനിലയോടെ കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി.

റൗണ്ട് ഓഫ് 32ല്‍ പോര്‍ച്ചുഗല്‍ ക്രൊയേഷ്യയെ നേരിടുമ്പോള്‍ കൊളംബിയയുടെ എതിരാളികള്‍ ഘനയാണ്. ജൂണ്‍ മൂന്നിനാണ് പോര്‍ച്ചുഗലിന്റെ മത്സരം. കൊളംബിയ ജൂണ്‍ നാലിനാണ് കളത്തിലിറങ്ങുക.

Content Highlight: FIFA World Cup 2026: Cristiano Ronaldo became second player with most appearances in FIFA World Cup history

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more