2026 ഫിഫ ലോകകപ്പില്‍ ആവേശ സമനില പിടിച്ചെടുത്ത് കാനഡ. ടൊറന്റോ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനക്കെതിരെയാണ് ടീം സമനില നേടിയത്. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതമടിച്ചാണ് പോയിന്റ് പങ്കിട്ടത്.
മത്സരത്തില്‍ ആദ്യ വിസില്‍ മുതല്‍ തന്നെ ഇരുടീമുകളും മികച്ച നിലയില്‍ മുന്നേറവേ ബോസിനിയയാണ് ആദ്യ ഗോള്‍ നേടിയത്. 21ാം മിനിട്ടിലായിരുന്നു ടീമിന്റെ ഗോള്‍ നേട്ടം. ജോവോ ലൂക്കിച്ചാണ് ടീമിനെ മുന്നിലെത്തിച്ചത്. സീഡ് കൊളാഷിനാക് നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു ഈ ഗോള്‍.
കാനഡ – ബോസ്നിയ ആൻഡ് ഹെർസഗോവിന മത്സരത്തിൽ നിന്നും.
പിന്നീട് ബോസ്‌നിയ ലീഡ് നേടാനും കാനഡ മത്സരത്തിലേക്ക് തിരിച്ചെത്താനും ശ്രമങ്ങള്‍ നടത്തി. എന്നാല്‍, ഇതേ സ്‌കോറില്‍ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിലും ഇരുടീമുകളും വാശിയേറിയ മുന്നേറ്റം നടത്തി.
76ാം മിനിട്ടില്‍ സൈല്‍ ലാറിന്‍ പകരക്കാരനായി ഇറങ്ങി. രണ്ട് മിനിട്ടുകള്‍ക്കപ്പുറം താരം കാനഡയെ ഒപ്പമെത്തിച്ചു. മറ്റൊരു പകരക്കാരന്‍ പ്രോമിസ് ഡേവിഡ് നല്‍കിയ പന്ത് സ്വീകരിച്ചാണ് താരം സ്‌കോര്‍ ചെയ്തത്.
ഗോൾനേട്ടം ആഘോഷിക്കുന്ന കാനഡയുടെ സൈൽ ലാറിൻ.
ഗോള്‍ നേടിയതോടെ ഫിഫ ലോകകപ്പില്‍ കാനഡക്കായി ഗോളടിക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടവും സൈല്‍ ലാറിന്‍ സ്വന്തമാക്കി. അല്‍ഫോണ്‍സ ഡേവീസ് മാത്രമാണ് ലോകകപ്പില്‍ ഗോള്‍ നേടിയ കാനഡക്കാരന്‍. 2022 ഖത്തര്‍ ലോകകപ്പിലായിരുന്നു ഡേവീസ് ഗോള്‍ നേടിയത്.
പിന്നാലെ ഇരുടീമുകളും മത്സരത്തില്‍ ഗോളിനായി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ഫൈനല്‍ വിസിലെത്തിയപ്പോള്‍ കാനഡയും ബോസ്‌നിയയും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. അതോടെ ഇരുവരും ഓരോ പോയിന്റ് പങ്കുവെച്ചു.
Content Highlight: FIFA World Cup 2026: Canada bags their first ever point in World Cup by with draw against Bosnia