| Saturday, 20th June 2026, 5:46 pm

ബ്രസീലിന്റെ കുതിപ്പ് സ്വന്തം ചരിത്രം തിരുത്തിക്കുറിച്ച്; രണ്ടാമതുള്ള ജർമനി പോലും ഏറെ പിന്നിൽ!

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീല്‍ കരുത്ത് തെളിയിച്ചിരിക്കുകയാണ്. ഗ്രൂപ്പ് സി-യില്‍ നടന്ന മത്സരത്തില്‍ ഹെയ്തിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ടീമിന്റെ വിജയം. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയ മുൻ ചാമ്പ്യന്മാർ ആധികാരികമായാണ് തിരിച്ചുവരവ് നടത്തിയത്.

ഫിലാഡല്‍ഫിയയില്‍ നടന്ന ഈ മത്സരത്തില്‍ മൂന്ന് ഗോളുകള്‍ അടിച്ചതിനൊപ്പം തന്നെ ബ്രസീൽ തങ്ങളുടെ തന്നെ റെക്കോഡ് തിരുത്തികുറിച്ചിരിക്കുകയാണ്. ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ മൂന്നിലധികം ഗോളുകൾ നേടിയ ടീം എന്ന നേട്ടമാണ് കാനറിപട അരക്കിട്ടുറപ്പിച്ചത്.

ലോകകപ്പ് ചരിത്രത്തിൽ 41 മത്സരങ്ങളിലാണ് ബ്രസീൽ ഇങ്ങനെ മൂന്ന് തവണ എതിരാളികളുടെ വലയിൽ നിറയൊഴിച്ചത്. മറ്റെല്ലാ ടീമുകളെയും പിന്നിലാക്കിയാണ് കാനറിപ്പടയുടെ കുതിപ്പ്. ഈ നേട്ടത്തിൽ ജർമനിയാണ് രണ്ടാമത്. ഫിഫ ലോകകപ്പിൽ 36 മത്സരങ്ങളിലാണ് മൂന്ന് ഗോളെങ്കിലും ജർമൻ സംഘം അടിച്ചിട്ടുള്ളത്.

അതേസമയം മാത്യൂസ് കുന്‍ഹയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ബ്രസീല്‍ തകർപ്പൻ വിജയം. വിനീഷ്യസ് ജൂനിയറിന്റെ ഗോളും ബ്രസീലിന്റെ വിജയത്തിൽ നിർണയകമായി.

മത്സരത്തിന്റെ 23ാം മിനിട്ടിലാണ് മാത്യൂസ് കുന്‍ഹ ബ്രസീലിന് ആദ്യ ലീഡ് നേടിക്കൊടുത്തത്. 36ാം മിനിറ്റില്‍ താരം ബ്രസീലിനായി രണ്ടാം ഗോളും സ്വന്തമാക്കി വീണ്ടും കരുത്തുകാട്ടി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ തങ്ങളുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ ബ്രസീല്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബ്രസീല്‍ ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ബ്രസീൽ ഗ്രൂപ്പിൽ ഒന്നാമതെത്തി.

ജൂണ്‍ 25നാണ് ബ്രസീൽ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സ്‌കോട്ലാന്‍ഡാണ് കാര്‍ലോ അന്‍സലോട്ടിയുടെ സംഘത്തിന്റെ എതിരാളികൾ.

Content Highlight: FIFA World Cup 2026:  Brazil top the list of teams scored at least three goals in a FIFA World Cup match

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more