2026 ഫിഫ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബ്രസീല്‍ സമനില വഴങ്ങിയിരുന്നു. ന്യൂയോര്‍ക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൊറോക്കോയോടാണ് ടീം പോയിന്റ് പങ്കിട്ടത്. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് അടിച്ചത്.
മത്സരത്തില്‍ ഇസ്മായില്‍ സൈബാരിയിലൂടെ മൊറോക്കോയാണ് ആദ്യ ഗോള്‍ നേടിയത്. 21ാം മിനിട്ടിലായിരുന്നു ആഫ്രിക്കന്‍ കരുത്തരുടെ ഗോള്‍ നേട്ടം. ഏറെ വൈകാതെ വിനീഷ്യസ് കാനറികളുടെ രക്ഷകനായി അവതരിച്ചു. 32ാം മിനിട്ടിലായിരുന്നു ടീമിന്റെ സമനില ഗോള്‍.
ഗോൾനേട്ടം ആഘോഷിക്കുന്ന വിനീഷ്യസ് ജൂനിയർ.
രണ്ടാം പകുതിയില്‍ മൊറോക്കോയ്ക്ക് വീണ്ടും അവസരം ലഭിച്ചെങ്കിലും ബ്രസീല്‍ ഗോളി അലിസണ്‍ ബക്കറുടെ സേവില്‍ ടീം രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് ബ്രസീല്‍ സമനില സ്വന്തമാക്കിയത്.
ലോകകപ്പിലെ ആദ്യ മത്സരത്തിലെ സമനില നിരാശയാണ് ആരാധകര്‍ക്ക് സമ്മാനിക്കുന്നതെങ്കിലും ബ്രസീലിന് തങ്ങളുടെ സ്ട്രീക്ക് നിലനിര്‍ത്താനായി. ലോകകപ്പിലെ ആദ്യ മത്സരങ്ങളിലെ അപരാജിത കുതിപ്പിന്റെ സ്ട്രീക്ക് നിലനിര്‍ത്താനാണ് ടീമിന് സാധിച്ചത്. 21 മത്സരങ്ങളിലാണ് മഞ്ഞപ്പട തോല്‍വിയറിയാതെ ലോകകപ്പില്‍ കളിച്ചത്.
1934 ലോകകപ്പിലാണ് ബ്രസീല്‍ അവസാനമായി തങ്ങളുടെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയത്. അന്ന് സ്‌പെയിനിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ടീമിന്റെ തോല്‍വി.
അതിനുശേഷം നടന്ന 21 ലോകകപ്പ് എഡിഷനുകളിലും ബ്രസീല്‍ ആദ്യ മത്സരത്തില്‍ എതിരാളികള്‍ക്ക് മുന്നില്‍ കീഴടങ്ങിയിട്ടില്ല. അതില്‍ 17 തവണയും ടീം വിജയിച്ചു. ബാക്കി നാല് മത്സരങ്ങളില്‍ ബ്രസീല്‍ സമനിലയും വഴങ്ങി.
(വര്‍ഷം – എതിരാളി – സ്‌കോര്‍ലൈന്‍ – ഫലം എന്നീ ക്രമത്തില്‍)
1934 – സ്‌പെയിന്‍ – 1|3 – തോല്‍വി
1938 – പോളണ്ട് – 6|5 – വിജയം
1950 – മെക്‌സിക്കോ – 4|0 – വിജയം
1954 – മെക്‌സിക്കോ – 5|0 – വിജയം
1958 – ഓസ്ട്രിയ – 3|0 – വിജയം
1962 – മെക്‌സിക്കോ – 2|0 – വിജയം
1966 – ബള്‍ഗേറിയ – 2|0 – വിജയം
1970 – ചെക്കോസ്ലോവാക്യ – 4|1 – വിജയം
1974 – യുഗോസ്ലാവിയ – 0|0 – സമനില
1978 – സ്വീഡന്‍ – 1|1 – സമനില
1982 – സോവിയറ്റ് യൂണിയന്‍ – 2|1 – വിജയം
1986 – സ്‌പെയിന്‍ – 1|0 – വിജയം
1990 – സ്വീഡന്‍ – 2|1 – വിജയം
1994 – റഷ്യ – 2|0 – വിജയം
1998 – സ്‌കോട്‌ലാന്‍ഡ് – 2|1 – വിജയം
2002 – തുര്‍ക്കി – 2|1 – വിജയം
2006 – ക്രൊയേഷ്യ – 1|0 – വിജയം
2010 – നോര്‍ത്ത് കൊറിയ – 2|1 – വിജയം
2014 – ക്രൊയേഷ്യ – 3|1 – വിജയം
2018 – സ്വിറ്റ്‌സര്‍ലന്‍ഡ് – 1|1 – സമനില
2022 – സെര്‍ബിയ – 2|0 – വിജയം
2026 – മൊറോക്കോ – 1|1 – സമനില
Content Highlight: FIFA World Cup 2026: Brazil extend their unbeaten run in World Cup opening matches to 21 games with draw against Morocco