| Thursday, 25th June 2026, 7:03 am

സ്‌കോട്ട്‌ലാന്‍ഡിനെ വീഴ്ത്തി കാനറിപ്പട; കുതിപ്പ് ചരിത്രത്തില്‍ മറ്റാര്‍ക്കുമില്ലാത്ത റെക്കോഡുമായി

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകളാക്കാണ് കാനറിപ്പടയുടെ വിജയം. ഇത്തവണയും വിനീഷ്യസ് ജൂനിയറാണ് ടീമിന്റെ വിജയശില്പി.

വിജയത്തോടെ ബ്രസീല്‍ റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി. ഗ്രൂപ്പ് സി – യിലെ ഒന്നാമന്‍മാരായാണ് മഞ്ഞപ്പടയുടെ കുതിപ്പ്. ബ്രസീലിനും മൊറോക്കോക്കും ഏഴ് പോയിന്റ് വീതമാണെങ്കിലും ഗോള്‍ ഡിഫറന്‍സിന്റെ കരുത്തിലാണ് കാര്‍ലോയുടെ സംഘം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ബ്രസീൽ ടീം. Photo: Maracanã/x.com

ഇത് 16ാം ലോകകപ്പിലാണ് തങ്ങളുടെ ഗ്രൂപ്പില്‍ ഒന്നാമതെത്തുന്നത്. ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു ടീമിനും ഈ നേട്ടത്തിലെത്താന്‍ സാധിച്ചിട്ടില്ല.

അതേസമയം, മത്സരത്തില്‍ വിസില്‍ മുഴങ്ങി മിനിട്ടുകള്‍ക്കകം തന്നെ ബ്രസീല്‍ ലീഡ് നേടിയിരുന്നു. വിനീഷ്യസ് ജൂനിയറാണ് ടീമിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. ഏഴാം മിനിട്ടില്‍ റയാന്‍ നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

വീണ്ടും മുന്നേറ്റങ്ങളുമായി ബ്രസീല്‍ കുതിച്ചതോടെ 25ാം മിനിട്ടില്‍ സ്‌കോട്ട്‌ലാന്‍ഡ് വലയില്‍ വീണ്ടും പന്തെത്തി. എന്നാല്‍, വാര്‍ പരിശോധനയിലൂടെ റഫറി ഗോള്‍ അസാധുവാക്കി.

വിനീഷ്യസ് ജൂനിയർ. Photo: B/R Football/x.com

ഒന്നാം പകുതി അതേസ്‌കോറില്‍ അവസാനിക്കുമെന്ന് ഏവരും കരുതിയിരിക്കെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിട്ടില്‍ വിനി ഒരിക്കല്‍ കൂടി വല കുലുക്കി. ഇത്തവണ ബ്രൂണോ ഗുയിമാറാസിന്റെ വകയായിരുന്നു അസിസ്റ്റ്.

കളി പുനരാരംഭിച്ച് ഏറെ വൈകാതെ ബ്രസീല്‍ മറ്റൊരു ഗോള്‍ കൂടി നേടി. 60ാം മിനിട്ടില്‍ മാത്യുസ് കുന്‍ഹയാണ് ടീമിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. ഗുയിമാറാസ് തന്നെയാണ് ഈ ഗോളിനും വഴിയൊരുക്കിയത്.

75ാം മിനിട്ടില്‍ കുന്‍ഹയെ സബ് ചെയ്ത് നെയ്മര്‍ ജൂനിയറിനെ ആന്‍സലോട്ടി കളത്തിലിറക്കി. താരത്തിന് ഗോള്‍ നേടാനായില്ലെങ്കിലും ടീമിനായി മൂന്ന് ചാന്‍സുകള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. ഏറെ വൈകാതെ ഫൈനല്‍ വിസിലെത്തിയതോടെ ബ്രസീല്‍ 2026 ലോകകപ്പിലെ രണ്ടാം വിജയം സ്വന്തമാക്കി.

Content Highlight: FIFA World Cup 2026: Brazil beat Scotland and have finished top of their World Cup group for the 16th time

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more