| Friday, 26th June 2026, 3:45 pm

177 ആന്‍ഡ് കൗണ്ടിങ്; പുതുചരിത്രമെഴുതി ലോകകപ്പ്

ഫസീഹ പി.സി.

തുർക്കി – യു.എസ്.എ മത്സരത്തിന് പിന്നാലെ തകർപ്പൻ ചരിത്രം കുറിച്ച് 2026 ഫിഫ ലോകകപ്പ്. ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന എഡിഷൻ എന്ന നേട്ടമാണ് എഴുതി ചേർത്തത്.

മത്സരത്തില്‍ തുര്‍ക്കിക്ക് വേണ്ടി ആര്‍ദെ ഗുലര്‍ ആദ്യ ഗോള്‍ നേടിയതോടെയാണ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറക്കുന്ന എഡിഷനായി 2026 ലോകകപ്പ് മാറിയത്. പിന്നാലെ തുര്‍ക്കി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ യു.എസ്.എ രണ്ട് തവണയും സ്‌കോര്‍ ചെയ്തു. നിലവില്‍ ഈ എഡിഷനില്‍ 177 ഗോളുകളാണ് പിറന്നത്.

തുർക്കി – യു.എസ്.എ മത്സരത്തിൽ നിന്നും. Photo: Radio One/facebook.com

2022 ഖത്തര്‍ ലോകകപ്പിലെ റെക്കോഡ് തകര്‍ത്താണ് ഈ എഡിഷന്‍ ഈ ചരിത്ര നേട്ടത്തിലെത്തിയത്. കഴിഞ്ഞ എഡിഷനില്‍ 172 ഗോളുകളാണ് പിറന്നിരുന്നത്. 32 ടീമുകള്‍ മാത്രം കളിച്ചിരുന്ന ടൂര്‍ണമെന്റില്‍ അന്ന് നടന്ന 64 മത്സരങ്ങളാണ്.

എന്നാല്‍, കഴിഞ്ഞ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി 23ാം എഡിഷനില്‍ 48 ടീമുകളാണ് മാറ്റുരക്കുന്നത്. അതിനാല്‍ തന്നെ ടൂര്‍ണമെന്റില്‍ ആകെ 104 മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ടൂര്‍ണമെന്റിലെ 59ാം മത്സരത്തിലാണ് ഏറ്റവും ഗോളുകള്‍ പിറന്ന എഡിഷന്‍ എന്ന റെക്കോഡ് മാറ്റി എഴുതപ്പെട്ടത്.

അതേസമയം, 2026 ലോകകപ്പ് ആരാധകര്‍ക്ക് വലിയ ആവേശം നല്‍കി മുന്നേറുകയാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഏറെ കുറെ അവസാനിക്കുമ്പോള്‍ 19 ടീമുകള്‍ നോക്കൗട്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

മെക്‌സിക്കോ, യു.എസ്.എ, ജര്‍മനി, അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്, നോര്‍വേ, കൊളംബിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, കാനഡ, ബ്രസീല്‍, മൊറോക്കോ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, സൗത്ത് ആഫ്രിക്ക, ഐവറി കോസ്റ്റ്, ഇക്വഡോര്‍, നെതര്‍ലാന്‍ഡ്സ്, ജപ്പാന്‍, സ്വീഡന്‍, ഓസ്ട്രലിയ എന്നിവരാണ് റൗണ്ട് 32ലേക്ക് യോഗ്യത നേടിയവര്‍.

അതേസമയം, എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിട്ടുണ്ട്. കുറസാവോ, ചെക്ക് റിപ്പബ്ലിക്ക്, ഹെയ്തി, ജോര്‍ദാന്‍, പനാമ, ഖത്തര്‍, ടുണീഷ്യ, തുര്‍ക്കി എന്നിവരാണ് പുറത്തേക്ക് പോയ ടീമുകള്‍.

Content Highlight: FIFA World Cup 2026 became highest-scoring edition in the tournament’s history breaking 2022 Qatar World Cup record

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more