പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും താരത്തിന്റെ ക്ലബ്ബ് അല്‍ നസ്‌റിനും ആശ്വാസം. അല്‍ നസ്‌റിന് മേലുള്ള രജിസ്ട്രേഷന്‍ വിലക്ക് നീക്കിയതായി ഫിഫ അറിയിച്ചു. അതോടെ അടുത്ത ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റിയാദ് ആസ്ഥാനമായുള്ള ടീമിന് പുതിയ താരങ്ങളെ എത്തിക്കാന്‍ സാധിക്കും.
നേരത്തെ, ഡിസംബര്‍ 19ന് പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ വിലക്കുള്ള ടീമുകളുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. ഈ ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ അല്‍ നസ്റിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. 2023ല്‍ ഡിഫന്‍ഡര്‍ അയ്മെറിക് ലാപോര്‍ട്ടെയെ ട്രാന്‍സ്ഫര്‍ ചെയ്തതില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് അല്‍ നസ്ര്‍ പണം നല്‍കിയില്ലെന്ന കാരണത്താലായിരുന്നു ഈ വിലക്ക്.
അൽ നസ്ർ താരങ്ങൾ. Photo: Al Nassr zone/x.com
2025 ഓഗസ്റ്റ് 31നകം ക്ലബ്ബ് 9 മില്യണ്‍ യൂറോ സിറ്റിക്ക് നല്‍കേണ്ടതായിരുന്നു. ഇത് നല്‍കാത്തതിനെ തുടര്‍ന്നാണ് വിലക്ക് നേരിട്ടത്. വിലക്കിന്റെ വാര്‍ത്ത ക്ലബ്ബിനും ടീമിന്റെ ആരാധകര്‍ക്കും വലിയ നിരാശയായിരുന്നു സമ്മാനിച്ചത്.
എന്നാല്‍, അല്‍ നസ്ര്‍ തുക നല്‍കി പ്രശ്‌നം പരിഹരിച്ചു. അതോടെയാണ് ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് നീക്കിയത്.
അല്‍ നസ്ര്‍ എല്ലാ നിയമങ്ങളും പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഫിഫ കഴിഞ്ഞ ദിവസം അറിയിച്ചു.
ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ തുടങ്ങാനിരിക്കെ അല്‍ നസ്‌റിന് ഏറെ പ്രാധാന്യമുള്ള ഒരു വാര്‍ത്തയാണിത്. സൗദി പ്രൊ ലീഗില്‍ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും വിജയങ്ങള്‍ കൊയ്യാനും താരങ്ങളെ എത്തിക്കേണ്ടതുണ്ട്. പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ സാധിച്ചാല്‍ അല്‍ നസ്‌റിന് അടുത്ത വര്‍ഷം കൂടുതല്‍ മികവോടെ തങ്ങളുടെ പോരാട്ടം നടത്താന്‍ സാധിക്കും.
അൽ നസ്ർ താരങ്ങൾ. Photo: Al Nassr Zone/x.com
അതേസമയം, സൗദി പ്രൊ ലീഗില്‍ അല്‍ നസ്ര്‍ ഒന്നാം സ്ഥാനത്താണ്. ടീമിന് 27 പോയിന്റാണുള്ളത്. സീസണിലെ ഒമ്പത് മത്സരങ്ങളില്‍ ഒമ്പതും വിജയിക്കാന്‍ ടീമിന് സാധിച്ചു. തൊട്ടുപിന്നാലെ അല്‍ നസ്റിന്റെ ചിരവൈരികളായ അല്‍ ഹിലാലുമുണ്ട്. ടീമിന് 23 പോയിന്റാണുള്ളത്.
ഒമ്പത് മത്സരങ്ങളില്‍ ഏഴ് എണ്ണത്തില്‍ വിജയിച്ചാണ് ടീം രണ്ടാം സ്ഥാനം നേടിയത്. ബാക്കി രണ്ട് മത്സരങ്ങളില്‍ അല്‍ ഹിലാലിന് സമനിലയായിരുന്നു ഫലം.
Content Highlight: FIFA lifted transfer ban of Cristiano Ronaldo’s club Al Nassr