ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്. ബുധനാഴ്ച രാത്രി 12.30ന് നടക്കുന്ന ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ ടീം ഫ്‌ളുമിനന്‍സ് നിലവിലെ യുവേഫ കോണ്‍ഫറന്‍സ് ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിയെ നേരിടും. മെറ്റ്‌ലൈഫ് സ്റ്റേഡിയമാണ് വേദി.
പിറ്റേദിവസം രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പി.എസ്.ജി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെയും നേരിടും.
ഓരോ ടീമിന്റെയും സെമി ഫൈനലിലേക്കുള്ള യാത്ര പരിശോധിക്കാം.
ഗ്രൂപ്പ് എഫ്-ല്‍ രണ്ടാം സ്ഥാനക്കാരായാണ് ബ്രസീല്‍ സൂപ്പര്‍ ടീം നോക്ക്ഔട്ട് റൗണ്ടിന് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും ടീം പരാജയപ്പെട്ടിരുന്നില്ല. ഗ്രൂപ്പ് റൗണ്ടില്‍ കളിച്ച മൂന്ന് മത്സരത്തില്‍ ഒരു ജയവും രണ്ട് തോല്‍വിയുമാണ് ഫ്‌ളുമിനന്‍സിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്റര്‍ മിലാനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത ലാറ്റിനമേരിക്കന്‍ കരുത്തര്‍ ക്വാര്‍ട്ടറില്‍ സൗദി ജയന്റ്‌സായ അല്‍ ഹിലാലിനെ ഒന്നിനെതിരെ രണ്ട് ഗോളിനും മുട്ടുകുത്തിച്ചു.
ഗ്രൂപ്പ് ഡി-യില്‍ നിന്നുമാണ് നീലപ്പടയാളികള്‍ സെമിയിലേക്ക് കുതിച്ചത്. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനക്കാരായാണ് ചെല്‍സി റൗണ്ട് ഓഫ് 16 പോരാട്ടത്തിന് യോഗ്യത നേടിയത്. ലോസ് ആഞ്ചലസ് എഫ്.സിയെയും ഇ.എസ്. ടുണീസിനെയും തകര്‍ത്ത ചെല്‍സി, എന്നാല്‍ ഫ്‌ളമെംഗോയോട് തോറ്റു.
റൗണ്ട് ഓഫ് 16 പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ ടീം ബെന്‍ഫിക്കയായിരുന്നു ചെല്‍സിയുടെ എതിരാളികള്‍. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെന്‍ഷനേഴ്‌സ് ഒന്നിനെതിരെ നാല് ഗോളിന് ബെന്‍ഫിക്കയെ തകര്‍ത്തുവിട്ടു. ക്വാര്‍ട്ടറില്‍ ബ്രസിലിയന്‍ ക്ലബ്ബ് പാല്‍മീറസിനെയാണ് ചെല്‍സിക്ക് നേരിടേണ്ടി വന്നത്. ഒന്നിനെതിരെ രണ്ട് ഗോളുമായി റീസ് ജെയിംസും സംഘവും അവസാന നാലിന് ടിക്കറ്റെടുത്തു.
ബൊട്ടാഫോഗോ, അത്‌ലറ്റിക്കോ മാഡ്രിഡ്, സിയാറ്റില്‍ സൗണ്ടേഴ്‌സ് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ബി-യില്‍ നിന്നും ചാമ്പ്യന്‍മാരായാണ് പി.എസ്.ജി നോക്ക്ഔട്ടിനെത്തിയത്. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയുമാണ് ഫ്രഞ്ച് വമ്പന്‍മാര്‍ക്കുണ്ടായിരുന്നത്.
പ്രീ ക്വാര്‍ട്ടറില്‍ മെസിയെയും സംഘത്തെയും എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയ പി.എസ്.ജി ക്വാര്‍ട്ടറില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിനും വീഴ്ത്തി.
യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ട്രബിള്‍ പൂര്‍ത്തിയാക്കിയ ലൂയീസ് എന്‌റിക്വിന്റെ കുട്ടികള്‍ ക്ലബ്ബ് വേള്‍ഡ് കപ്പും നേടി ക്വാഡ്രാപ്പിള്‍ പൂര്‍ത്തിയാക്കാനാണ് ഒരുങ്ങുന്നത്.
ഗ്രൂപ്പ് എച്ച്-ല്‍ നിന്നുമാണ് റയല്‍ അടുത്ത റൗണ്ടിനെത്തിയത്. അല്‍ ഹിലാല്‍, പച്ചൂക്ക, ആര്‍.ബി സാല്‍സ്‌ബെര്‍ഗ് ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നും ഒരു സമനിലയും രണ്ട് ജയവുമായി ഒന്നാം സ്ഥാനത്തോടെയാണ് മാഡ്രിഡ് അടുത്ത റൗണ്ടിന് യോഗ്യതയുറപ്പിച്ചത്.
റൗണ്ട് ഓഫ് സിക്‌സ്റ്റീനില്‍ ഇറ്റാലിയന്‍ വമ്പന്‍മാകായ യുവന്റസിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത മാഡ്രിഡ് ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളിനും പരാജയപ്പെടുത്തി.
Content Highlight: FIFA Club World Cup: Semi Final Matches