ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ ബ്രസീലിയന്‍ കുതിപ്പിന് വിരാമമിട്ട് ചെല്‍സി ഫൈനലില്‍. മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം സെമി ഫൈനലില്‍ തിയാഗോ സില്‍വയുടെ സൂപ്പര്‍ ടീം ഫ്ളുമിനന്‍സിനെ തോല്‍പ്പിച്ചാണ് ദി ബ്ലൂസ് കലാശപ്പോരിന് ടിക്കറ്റെടുത്തത്.
എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു നിലവിലെ യുവേഫ കോണ്‍ഫറന്‍സ് കപ്പ് ജേതാക്കള്‍ വിജയിച്ചു കയറിയത്. ബ്രസീലിയന്‍ യുവതാരം ജാവോ പെഡ്രോയുടെ മിന്നും പ്രകടനങ്ങളാണ് ഇംഗ്ലീഷ് വമ്പന്മാരെ വിജയതീരമെത്തിച്ചത്.
മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങി ഇരു ടീമുകളും മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു കളിച്ചു. ചെല്‍സിയും ഫ്ളുമിനന്‍സും എതിരാളികളുടെ പോസ്റ്റുകള്‍ ലക്ഷ്യമാക്കി മുന്നേറി ആരാധകരുടെ ആവേശം വാനോളമുയര്‍ത്തി. ആദ്യ പകുതി തുടങ്ങി ഏറെ വൈകാതെ തന്നെ ബ്രസീലിയന്‍ ടീമിന്റെ പ്രതീക്ഷകളെ തകര്‍ത്ത് ദി ബ്ലൂസ് വെടി പൊട്ടിച്ചു.
18ാം മിനിറ്റില്‍ യുവതാരം ജാവോ പെഡ്രോയാണ് ചെല്‍സിക്കായി വല കുലുക്കിയത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെയാണ് താരം ബാല്യകാല ക്ലബ്ബിനെതിന്റെ ഫൈനല്‍ മോഹത്തിന് ചെക്ക് വെച്ചത്. ഗോള്‍ വന്നതിന് ശേഷവും ദി ബ്ലൂസ് തങ്ങളുടെ ആക്രമണം തുടര്‍ന്നു.
തുടക്കത്തിലെ ഗോളില്‍ ഒന്ന് പതറിയെങ്കിലും ബ്രസീലിയന്‍ വമ്പന്മാര്‍ ചെല്‍സിയെ വലിഞ്ഞു മുറുക്കി മുന്നേറ്റങ്ങള്‍ നടത്തി. യൂറോപ്യന്‍ ടീമിനെ പ്രതിരോധത്തിലാക്കി ഫ്ളുമിനന്‍സ് ഗോള്‍ പോസ്റ്റിനെ ലക്ഷ്യമിട്ട് നിരവധി ഷോട്ടുകള്‍ തൊടുത്തു.
പരിശ്രമങ്ങളിക്കൊടുവില്‍ 34ാം മിനിറ്റില്‍ ഫ്ളുമിനന്‍സിന് ആദ്യ കോര്‍ണര്‍ ലഭിച്ചു. ജോണ്‍ അരിയാസ് ചെല്‍സി പോസ്റ്റ് ഉന്നം വെച്ച് തൊടുത്ത ഷോട്ട് അദരാബിയോയോ ഹെഡ് ചെയ്ത് ക്ലിയര്‍ ചെയ്തു. എന്നാല്‍, ചെല്‍സിയെ ഞെട്ടിച്ച് റഫറി പെനാല്‍റ്റി വിധിച്ചു.
ഫ്രീകിക്കിനിടെ ചെല്‍സിയുടെ സെന്റര്‍ ബാക്ക് താരം ടോം ചലോബയുടെ കൈ തട്ടിയതിയെന്ന കാരണത്തിനാലാണ് ബ്രസീലിയന്‍ ടീമിന് പെനാല്‍റ്റി ലഭിച്ചത്. ചെല്‍സിയുടെ അപ്പീലില്‍ വാറിലൂടെ അത് റഫറി പിന്‍വലിച്ചു.
പിന്നാലെ ഇംഗ്ലീഷ് മുന്നേറ്റങ്ങളുമായി ബ്രസീലിയന്‍ ടീമിനെ വെള്ളം കുടിപ്പിച്ചു. ഒന്നാം പകുതിയുടെ അവസാന നിമിഷം ലീഡുയര്‍ത്താനുള്ള അവസരം ബ്രസീലിയന്‍ ടീമിന്റെ പ്രതിരോധം തകര്‍ത്തു.
രണ്ടാം പകുതിയും ചെല്‍സി മുന്നേറ്റത്തോടെയാണ് തുടക്കമായത്. ഫ്ളുമിനന്‍സും ഒട്ടും വിട്ടുകൊടുക്കാതെ ആക്രമിച്ച് കളിച്ചു. എന്നാല്‍, തിയാഗോ സില്‍വയുടെ ടീമിനെ പ്രതിരോധത്തിലാക്കി യൂറോപ്യന്‍ വമ്പന്മാര്‍ 56ാം
മിനിറ്റില്‍ രണ്ടാമതും ലക്ഷ്യം കണ്ടു. ബോക്‌സിന്റെ ഇടത്ത് മൂലയില്‍ നിന്ന് പെഡ്രോയെടുത്ത ഷോട്ട് ബ്രസീലിയന്‍ ടീമിന്റെ ഗോളിയെ നിസഹായനാക്കി വല തുളച്ചു.
ഫ്ളുമിനന്‍സിന് ഭീഷണി ഉയര്‍ത്തി ചെല്‍സി വീണ്ടും പല ഷോട്ടുകളും പഴിച്ചെങ്കിലും ഗോള്‍ പട്ടിക അതേ പോലെ തുടര്‍ന്നു. രണ്ട് ഗോളുകളും തളരാതെ ബ്രസീലിയന്‍ ടീം മികച്ച കളി കാഴ്ചവെച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഇരു ടീമിന്റെയും ഗോള്‍ ശ്രമങ്ങള്‍ അവസാന നിമിഷങ്ങള്‍ ആരാധകര്‍ക്ക് ആവേശം സമ്മാനിച്ചു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ചെല്‍സി രണ്ട് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കി.
Content Highlight: FIFA Club World Cup: Chelsea enter final beating Brazilian club Fluminense