| Wednesday, 27th August 2025, 9:51 am

ഇന്ത്യൻ ഫുട്ബോളിന് വീണ്ടും വിലക്ക് വന്നേക്കും; അന്ത്യശാസനം നല്‍കി ഫിഫ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിസന്ധിയില്‍ എത്രയും വേഗം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) കത്തെഴുതി ഫിഫയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും. എ.ഐ.എഫ്.എഫിന്റെ പുതുക്കിയ ഭരണഘടനയ്ക്ക് ഒക്ടോബര്‍ 30നകം അംഗീകാരം നല്‍കണമെന്ന അന്ത്യശാസനമാണ് ഫിഫയുടെ കത്തിലുള്ളത്.

ഇതില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് വൈകിയാല്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ക്ക് കടക്കുമെന്ന മുന്നറിയിപ്പും കത്തില്‍ നല്‍കിയിട്ടുണ്ട്. വീണ്ടും ഇന്ത്യയ്ക്ക് സസ്‌പെന്‍ഷന്‍ നേരിട്ടാല്‍ മൂന്ന് വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണ എടുക്കുന്ന നടപടിയായിരിക്കും ഇത്. 2022 ഓഗസ്റ്റിൽ മൂന്നാം കക്ഷി ഇടപെടലിനെ തുടർന്ന് ഇന്ത്യയെ ഫിഫ സസ്‌പെൻഡ് ചെയ്തിരുന്നു.

എ.ഐ.എഫ്.എഫ് പ്രസിഡന്റ കല്യാണ്‍ ചൗബേക്ക് അയച്ച കത്തില്‍ പുതുക്കിയ ഭരണഘടനയ്ക്ക് അന്തിമരൂപം നല്‍കുന്നതിലും നടപ്പിലാക്കുന്നതിലും ഫെഡറേഷന്‍ പരാജയപ്പെട്ടതില്‍ ഫിഫയും എ.എഫ്.സിയും ആശങ്ക പ്രകടിപ്പിച്ചു. ഇത് ഇന്ത്യന്‍ ഫുട്‌ബോളില്‍ ‘അനുവദനീയമല്ലാത്ത ശൂന്യതയ്ക്കും നിയമപരമായ അനിശ്ചിതത്വത്തിനും’ കാരണമായിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു.

‘ആഭ്യന്തര മത്സര കലണ്ടര്‍ സംബന്ധിച്ച് ക്ലബ്ബുകളും കളിക്കാരും അനിശ്ചിതത്വത്തിലാണ്. 2025 ഡിസംബറിനു ശേഷമുള്ള വാണിജ്യ പങ്കാളിത്തങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വികസനം, മത്സരങ്ങള്‍, മാര്‍ക്കറ്റിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൂടുതല്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നു.

ഇതുമൂലമുണ്ടായ സാമ്പത്തിക അസ്ഥിരത ഇന്ത്യയുടെ ഫുട്‌ബോള്‍ ആവാസവ്യവസ്ഥയെ വളരെയധികം പ്രതികൂലമായി ബാധിച്ചു. ഐ.എസ്.എല്‍ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങളുടെ ഭാവിയെയും ഇത് ബാധിക്കുന്നു,’ കത്തില്‍ പറയുന്നു.

ഭരണഘടനാ അന്തിമമാക്കുന്നതിന് ഒക്ടോബര്‍ 30 വരെ സമയ പരിധി നിശ്ചയിച്ച ഫിഫ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള അനാവശ്യമായ മൂന്നാം കക്ഷികളുടെ സ്വാധീനമില്ലാതെയും സ്വതന്ത്രമായും കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും എ.ഐ.എഫ്.എഫിനെ ഓര്‍മിപ്പിച്ചു.

എ.ഐ.എഫ്.എഫ് ഭരണഘടന അംഗീകരിക്കുന്ന ഒരു അന്തിമ ഉത്തരവ് സുപ്രീം കോടതിയില്‍ നിന്ന് നേടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ, ഭരണഘടന ഫിഫയുടെയും എ.എഫ്.സിയുടെയും ചട്ടങ്ങള്‍ക്കും അനുസൃതമായിരിക്കണമെന്നുമുണ്ട്. അടുത്ത എ.ഐ.എഫ്.എഫ് ജനറല്‍ മീറ്റിങ്ങില്‍ ഭരണഘടനയ്ക്ക് ഔപചാരിക അംഗീകാരം നേടാമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധി കാരണം ജൂലൈ 11ന് ഐ.എസ്.എല്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു. ഫുട്‌ബോള്‍ സ്പോര്‍ട്‌സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എല്‍) അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനും തമ്മിലെ സംപ്രേഷണ തര്‍ക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലായിരുന്നു ഈ തീരുമാനം.

ഈ ഡിസംബറോടെ 15 വര്‍ഷത്തെ കരാര്‍ അവസാനിക്കുന്നതിനാല്‍ ഈ വര്‍ഷം ഐ.എസ്.എല്‍ നടത്താന്‍ സാധിക്കില്ല എന്നായിരുന്നു ഫെഡറേഷന്റെ നിലപാട്. ഇത് വലിയ പ്രതിസന്ധിയിലേക്കാണ് ക്ലബ്ബുകളെ കൊണ്ടുചെന്നെത്തിച്ചത്. ബെംഗളൂരു എഫ്.സി പോലുള്ള ടീമുകള്‍ താരങ്ങളുടെ ശമ്പളം പോലും നിര്‍ത്തിവെക്കുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങളെത്തിയിരുന്നു.

പിന്നീട്, ക്ലബ്ബുകളുമായി എ.ഐ.എഫ്.എഫ് നടത്തിയ ചർച്ചയിൽ ഈ വർഷം തന്നെ സീസൺ നടത്തുമെന്ന് തീരുമാനം എടുത്തിരുന്നു. എന്നാൽ, ഐ.സ്.എല്ലും സൂപ്പര്‍ കപ്പും നടക്കുന്ന തീയ്യതികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

Content Highlight: FIFA and AFC warns AIFF of suspension if not adopt constitution by October 30

We use cookies to give you the best possible experience. Learn more