| Monday, 10th March 2025, 6:47 pm

മാസ്മരികം; ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച താരത്തിന്റെ പ്രകടനത്തെ കുറിച്ച് ഫീല്‍ഡിങ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചത്. ആറ് പന്ത് ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ വിജയം.

ഫൈനലില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഉയര്‍ത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യയുടെ വിജയം. ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ പ്രകടനവും നിര്‍ണായകമായിരുന്നു. ഇന്ത്യയ്ക്കായി വിജയ റണ്‍ നേടിയത് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്.

രവീന്ദ്ര ജഡേജ മികച്ച പ്രകടനമാണ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കാഴ്ചവെച്ചത്. പത്ത് ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടു നല്‍കി ഒരു വിക്കറ്റും താരം വീഴ്ത്തിയിരുന്നു. ടോം ലാഥത്തിന്റെ വിക്കറ്റാണ് ജഡേജ സ്വന്തമാക്കിയത്. ബൗളിങ്ങിന് പുറമെ ഫീല്‍ഡിങ്ങിലും മെച്ചപ്പെട്ട പ്രകടനമാണ് ജഡേജ പുറത്തെടുത്തത്.

ന്യൂസിലാന്‍ഡിനെതിരായ ഫൈനല്‍ മത്സരത്തില്‍ ടീമിന് വേണ്ടി നിര്‍ണായകമായ റണ്‍സുകള്‍ താരം സേവ് ചെയ്തിരുന്നു. ഇതോടെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഡ്രസിങ് റൂമിലെ മികച്ച ഫീല്‍ഡര്‍ക്കുള്ള അവാര്‍ഡും ജഡേജ സ്വന്തമാക്കി. ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ടി. ദിലീപാണ് താരത്തിന് അവാര്‍ഡ് സമ്മാനിച്ചത്. കോച്ച് ജഡേജയുടെ ഫീല്‍ഡിങ് പ്രകടനത്തെ പ്രശംസിച്ചു.

‘ഇന്ന് സ്വന്തം ബൗളിങ്ങില്‍ ജഡേജ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ന് അദ്ദേഹം പന്ത് പിന്തുടര്‍ന്ന രീതി, ബുള്ളറ്റ് ത്രോകള്‍ എറിയുന്ന രീതി, പന്തുകള്‍ തടഞ്ഞ രീതിയെല്ലാം മാസ്മരികമായിരുന്നു,’ ദിലീപ് പറഞ്ഞു.

കലാശപോരില്‍ 3 .00 എക്കോണമിയിലാണ് ജഡേജ പന്തെറിഞ്ഞത്. ടൂര്‍ണമെന്റില്‍ താരം ആകെ അഞ്ച് വിക്കറ്റുകളും 27 റണ്‍സും നേടിയിട്ടുണ്ട്. 36 .60 ശരാശരിയും 50 .40 ബൗളിങ് സ്‌ട്രൈക്ക് റേറ്റിലുമാണ് ജഡേജ ചാമ്പ്യന്‍ഷിപ്പില്‍ പന്തെറിഞ്ഞത്.

CONTENT HIGHLIGHTS: Fielding coach on Jadeja’s performance that led India to victory in the  ICC Champions Trophy

We use cookies to give you the best possible experience. Learn more