| Thursday, 21st April 2016, 8:00 am

എന്റെ മരണം അടുത്തു, ഒരു പക്ഷേ ഇത് അവസാന പ്രസംഗമാവാം: വികാരനിര്‍ഭരനായി ഫിദല്‍ കാസ്‌ട്രോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹവാന: തന്റെ മരണം ഏതാണ്ട് അടുത്തെന്ന് അനുയായികള്‍ക്ക് മുന്നറിയിപ്പു നല്‍കി ക്യൂബന്‍ വിപ്ലവനായകനും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോ. തന്റെ ആശയങ്ങളെ അതിജീവിക്കാന്‍ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹവാനയില്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസില്‍ പ്രസംഗിക്കുകയായിരുന്നു ഫിദല്‍ കാസ്‌ട്രോ.

“90 വയസിലേയ്ക്ക് കടക്കുകയാണ്. ഞാനൊരിക്കലും ചിന്തിച്ചിട്ടുപോലുമില്ലാത്ത കാര്യം, ഒരു ഉദ്യമത്തിന്റെയും ഫലമല്ല ഇത്. മറിച്ച് വിധിയുടെ കളി.” അദ്ദേഹം പറഞ്ഞു.

“അടുത്തു തന്നെ എല്ലാവരെപ്പോലെ ഞാനും ആകും. നമ്മുടെ സമയം വരും. പക്ഷെ ഈ പ്രപഞ്ചത്തില്‍ ഒരു തെളിവായി ക്യൂബന്‍ കമ്മ്യൂണിസ്റ്റുകളുടെ ആശയങ്ങള്‍ നിലനില്‍ക്കും, ഉത്സാഹത്തോടെയും അന്തസ്സോടെയുമുള്ള പ്രവര്‍ത്തനങ്ങള്‍.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഈ മുറിയില്‍ ഒരു പക്ഷേ ഇത് എന്റെ അവസാനത്തെ പ്രസംഗമാവാം.  ഇനിയൊരു പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇത്തരത്തില്‍ പ്രസംഗിക്കാന്‍ കഴിയുമോ എന്ന് സംശയമാണ്.” കാസ്‌ട്രോ വികാരനിര്‍ഭരമായ വാക്കുകളില്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുമായി ക്യൂബ പുതിയ കാലത്ത് മുന്നോട്ട് പോകുമെന്നും ഫിദല്‍ കാസ്‌ട്രോ പ്രതീക്ഷ പ്രകടിപ്പിച്ചു. കാസ്‌ട്രോയുടെ പ്രസംഗം പലപ്പോഴും കരഘോഷത്താല്‍ തടസപ്പെട്ടു.

മാര്‍ച്ചില്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ക്യൂബ സന്ദര്‍ശിച്ചശേഷം കാസ്‌ട്രോ നടത്തുന്ന വളരെ പ്രധാനപ്പെട്ട പ്രസംഗമാണിത്. ഒബാമയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഇതിനെ വിമര്‍ശിച്ച് കാസ്‌ട്രോ കത്തെഴുതിയിരുന്നു. “യു.എസ് സാമ്രാജ്യത്വത്തിന്റെ ഒരു ചുക്കും ഞങ്ങള്‍ക്കുവേണ്ട എന്നായിരുന്നു അദ്ദേഹം കത്തില്‍ പറഞ്ഞത്.

2007ലാണ് ഫിദല്‍ കാസ്‌ട്രോ അധികാരമൊഴിഞ്ഞത്. അതിനുശേഷം സഹോദരനായ റൗള്‍ കാസ്‌ട്രോ അധികാരത്തിലേറി.
പ്രസംഗത്തിന്റെ പൂര്‍ണരൂപം

“ഉടന്‍ ഞാന്‍ 90ാം വയസിലേക്കു കടക്കും. ഞാനൊരിക്കലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. ഒരു ശ്രമത്തിന്റെയും ഫലമല്ല അത്. അത് പൂര്‍ണമായും വിധിയുടെ ആഗ്രഹമായിരുന്നു.

ഒരുപക്ഷേ ഇത് ഈ മുറിയിലെ എന്റെ അവസാനത്തെ പ്രസംഗമാകാം. കോണ്‍ഗ്രസ് സമര്‍പ്പിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടിയും ഞാന്‍ വോട്ടു ചെയ്തിട്ടുണ്ട്. ഇവിടേക്ക് എന്നെ ക്ഷണിച്ചതിന് ഞാന്‍ നിങ്ങളോട് നന്ദിരേഖപ്പെടുത്തുന്നു. എന്റെ പ്രസംഗം കേള്‍ക്കുന്നതിലൂടെ നിങ്ങള്‍ എനിക്കു നല്‍കുന്ന ആദരവിനും.

എല്ലാവരെയും അഭിനന്ദിക്കുന്നു, പ്രഥമമായി അത്ഭുതകരമായ ഉദ്യമങ്ങള്‍ക്ക് സഖാവ് റൗള്‍ കാസ്‌ട്രോയെ. നമ്മള്‍ യാത്ര തുടരും. നമുക്കെത്തേണ്ടയിടത്തേക്ക് നമ്മള്‍ എത്തും. അചഞ്ചലമായ ആത്മാര്‍ത്ഥതയോടെയും ശക്തിയോടെയും. മാര്‍ട്ടിയെയും (ജോസ് മാര്‍ട്ടി) മെസിയോ (അന്റോമിയോ മെസിയോ) യെയും ഗോമസിനെയും (മാക്‌സിമോ ഗോമസ്) പോലെ. നമ്മള്‍ നിര്‍ത്താതെ യാത്രതുടരും. “

We use cookies to give you the best possible experience. Learn more