| Sunday, 11th October 2026, 8:32 pm

പ്രധാനമന്ത്രിക്ക് കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍: അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നേരെ കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യം മുഴുവന്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ചെന്നൈയിലെത്തിയ പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.

എസ്.എഫ്.ഐ തമിഴ്‌നാട് പ്രസിഡന്റ് മൃദുല, സെക്രട്ടറി സംസീര്‍ എന്നിവര്‍ പൊലീസ് അറസ്റ്റിലായി.

കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ നടപടികള്‍ക്കെതിരെ ഇടത്-യുവജന സംഘടനകള്‍ ദല്‍ഹിയില് അപ്രതീക്ഷിത സംയുക്ത പ്രതിഷേധം നടത്തിയിരുന്നു. കൊണാട്ട് പ്ലേസില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, സി.ജെ.പി എന്നീ സംഘടനകള്‍ സംയുക്തമായാണ് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്.

പൊലീസ് ബലപ്രയോഗത്തിലൂടെ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥയിലെത്തുകയും പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി വലിച്ചിഴച്ച് വാഹനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

സംഘര്‍ഷാവസ്ഥയെപ്പറ്റി അന്വേഷിക്കാന്‍ സ്ഥലത്തെത്തിയ രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസിനെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത ബ്രിട്ടാസിനെ പൊലീസ് മര്‍ദിച്ച് വഴിയിലിറക്കിവിട്ടു.

അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ദല്‍ഹിയില്‍ പ്രതിഷേധക്കാരോട് പൊലീസ് നടത്തുന്ന ക്രൂരതകള്‍ക്കെതിരെയും ഇടത് സംഘടനകള്‍ സംയുക്തമായി കൊല്‍ക്കത്തയില്‍ റാലി സംഘടിപ്പിച്ചു.

Content Highlight: SFI and DYFI jointly held a protest demonstration and showed black flags to Prime Minister Narendra Modi during his visit to Chennai

Latest Stories

We use cookies to give you the best possible experience. Learn more