| Sunday, 18th March 2018, 6:49 pm

ആശയങ്ങളുടെ ആഘോഷമായി ബാര്‍ക്യാമ്പ് ഇരുപതാം പതിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഔപചാരികതയുടെ കെട്ടുപാടുകള്‍ ഇല്ലാതെ ആശയങ്ങളുടെ സമ്മേളനമായ ബാര്‍ക്യാമ്പിന്റെ ഇരുപതാം പതിപ്പ് കോഴിക്കോട് നടന്നു. തൊണ്ടയാടിനു സമീപം പാലാഴിയിലെ ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ രാവിലെ ഒമ്പത് മണിക്കാണ് ബാര്‍ക്യാമ്പ് ആരംഭിച്ചത്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സഹകരണത്തോടെ “ഡി ഡബിള്‍ ഐ” (D.I.I – ഡിജിറ്റല്‍ ഇന്‍ഫ്ളുവന്‍സേഴ്സ് ഇന്ത്യ) എന്ന കോഴിക്കോട്ടെ സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയാണ് 20-ാമത് ബാര്‍ക്യാമ്പ് സംഘടിപ്പിച്ചത്.

ആശയങ്ങള്‍ ധൈര്യസമേതം അവതരിപ്പിക്കാന്‍ കഴിഞ്ഞ വേദിയായിരുന്നു ഇന്ന് നടന്ന ബാര്‍ക്യാമ്പ്. പങ്കെടുത്ത ഒരോ ആളുകളും ഒരേസമയം കേള്‍വിക്കാരും ക്ലാസുകള്‍ നയിക്കുന്നവരുമായ ക്യാമ്പില്‍ ഇരുന്നൂറ്റി അമ്പതിലേറെ ആളുകളാണ് പങ്കെടുത്തത്.

വിവിധ വിഷയങ്ങളിലായി ഉസാമ ഷിഹാബുദ്ദീന്‍, രാകേഷ്.ടി, അഖില്‍ കൃഷ്ണന്‍, ശ്രീനാഥ് എച്ച്. ജയ്‌സല്‍ അലി, നിഖില്‍ രാജു, മുജീബ് റഹ്മാന്‍, സുധീപ്, അരവിന്ദ് ടി.എസ്, ജിതിന്‍ അഹമ്മദ്, അശ്വതി ദിനില്‍, അപര്‍ണ ജി കുമാര്‍, മുഹമ്മദ് ഫാസില്‍, ദീപക് നായര്‍, മിര്‍ഷാദ്, നസ്മിന നസീര്‍, മാളവിക സുധീര്‍ തുടങ്ങി നിരവധിയാളുകള്‍ പരിപാടിയില്‍ സംസാരിച്ചു.

ഔപചാരികതകള്‍ ഇല്ലാതെയായിരുന്നു ബാര്‍ക്യാമ്പ് ആരംഭിച്ചത്. ആര്‍ക്കും സൗജന്യമായി പരിപാടിയില്‍ പങ്കെടുക്കാനും എത് സമയത്തും വരുന്നതിനും പോകുന്നതിനും ഒന്നും നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നു. പത്ത് മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയായിരുന്നു ഒരോ ആളുകള്‍ക്കും സംസാരിക്കാന്‍ അനുവദിച്ച സമയം. പങ്കെടുക്കുന്ന ആളുകളുടെ ഇഷ്ടത്തിന് അനുസരിച്ചായിരുന്നു സംസാരിക്കേണ്ട വിഷയങ്ങള്‍ തീരുമാനിച്ചിരുന്നത്.

അടിപൊളിയാണെന്ന് തോന്നുന്ന ഒരു ഐഡിയകള്‍ ചുമ്മാ മനസ്സിലിട്ട് പിന്നീട് അതങ്ങ് മറന്നു പോകുന്നത് നമ്മളില്‍ പലരുടെയും പതിവ് രീതിയാണ്. പലപ്പോഴും ആശയങ്ങള്‍ തുറന്ന് പറയാന്‍ ഉള്ള മടിയോ, കേള്‍ക്കാന്‍ ആരും ഇല്ല എന്ന കാരണത്താലോ ആണ് പലരും ഇത്തരം ആശയം പുറത്ത് പറയാത്തത്. അത്തരം ആളുകള്‍ക്ക് വലിയ ഒരു അവസരമായിരുന്നു ഇന്നത്തെ ബാര്‍ക്യാമ്പ്

എന്താണ് ബാര്‍ക്യാമ്പ്?

ഇന്നും ഭൂരിഭാഗം പേര്‍ക്കും അറിയില്ല എന്താണ് ബാര്‍ക്യാമ്പ് എന്നും എന്തെല്ലാമാണ് ഇതിന്റെ ലക്ഷ്യങ്ങള്‍ എന്നും.  മുന്‍പ് പറഞ്ഞതു പോലെ ആശയങ്ങളുടെ ആഘോഷം തന്നെയാണ് ബാര്‍ക്യാമ്പ്. എന്നാല്‍ പരമ്പരാഗതമായി നമ്മള്‍ കണ്ടുശീലിച്ച പരിപാടികളില്‍ നിന്ന് ഏറെ വ്യത്യസ്തവുമാണ് ഇത്.

വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ ബാര്‍ക്യാമ്പില്‍ ഒത്തുകൂടും. ഇവരുടെ നവീനമായ ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം ബാര്‍ക്യാമ്പിലെ അംഗങ്ങളുമായി പങ്കുവെയ്ക്കും. ഇതാണ് അടിസ്ഥാനപരമായി ബാര്‍ക്യാമ്പ്. മറ്റു പരിപാടികളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇവിടെ ആശയങ്ങളുടെ പ്രസരണം നടക്കുന്നത്. ലോകമെമ്പാടും ഇത്തരം ബാര്‍ക്യാമ്പുകള്‍ നടക്കുന്നു.

“ഓപ്പണ്‍ അണ്‍കോണ്‍ഫറന്‍സ്” (Open Unconference) ആണ് ബാര്‍ക്യാമ്പുകള്‍. അതായത് നേരത്തേ പറഞ്ഞതു പോലെ ഔപചാരികതകള്‍ക്ക് ഇവിടെ സ്ഥാനമില്ല. പ്രായഭേദമില്ലാതെ ആര്‍ക്കും ബാര്‍ക്യാമ്പില്‍ പങ്കെടുക്കാം. എപ്പോള്‍ വേണമെങ്കിലും വരികയോ പോകുകയോ ചെയ്യാം. പ്രവേശനം സൗജന്യമാണ്. 10 മിനുറ്റു മുതല്‍ അരമണിക്കൂര്‍ വരെ ഓരോരുത്തര്‍ക്കും അവരവരുടെ വിഷയത്തില്‍ സംസാരിക്കാം.

ഒരു പകല്‍ നീളുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും തുല്യമായ അവസരങ്ങളാണ് ലഭിക്കുക. പുതിയ സ്റ്റാര്‍ട്ട് അപ്പ് ആശയങ്ങള്‍ തുറന്നു പറയാനും ഇതിന്‍മേല്‍ ചര്‍ച്ചകള്‍ നടത്താനും ബാര്‍ക്യാമ്പ് അംഗങ്ങള്‍ക്കു കഴിയും. ബാര്‍ക്യാമ്പിന്റെ ഉപോല്‍പ്പന്നമെന്ന നിലയിലാണ് ഭാവിയിലെ പല സ്റ്റാര്‍ട്ട് അപ്പുകളും പ്രാവര്‍ത്തികമാകുക.

2005-ല്‍ കാലിഫോര്‍ണിയയിലാണ് ബാര്‍ക്യാമ്പ് ആരംഭിക്കുന്നത്. വെബ് ആപ്ലിക്കേഷന്‍, ഓപ്പണ്‍ സോഴ്സ്, ടെക്നോളജി എന്നീ വിഷയങ്ങളാണ് ആ ബാര്‍ക്യാമ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. കൂടുതലായും സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയാണ് ബാര്‍ക്യാമ്പുകള്‍ ലക്ഷ്യം വെയ്ക്കുന്നത്.

എന്നാല്‍ കേരളത്തിലെ ബാര്‍ക്യാമ്പുകളില്‍ ഇവയ്ക്കു പുറമെ വിനോദം മുതല്‍ സാമൂഹ്യ വിഷയങ്ങള്‍ വരെ ചര്‍ച്ച ചെയ്യുന്നു. 2007-ലാണ് കേരളത്തില്‍ ആദ്യമായി ബാര്‍ക്യാമ്പ് നടക്കുന്നത്. പല കമ്പനികളുടേയും ജനനം പോലും ബാര്‍ക്യാമ്പുകളില്‍ നിന്നായിരുന്നു എന്നറിയുമ്പോഴാണ് ബാര്‍ക്യാമ്പുകളുടെ സാധ്യത മനസിലാകുന്നത്.

We use cookies to give you the best possible experience. Learn more