| Monday, 25th August 2025, 10:42 pm

ആശ വര്‍ക്കര്‍മാരുള്‍പ്പെടെയുള്ള കരാര്‍-സ്‌കീം തൊഴിലാളികള്‍ക്കുള്ള ഉത്സവബത്തയില്‍ 250 രൂപയുടെ വര്‍ധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കരാര്‍-സ്‌കീം തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉത്സവബത്ത 250 രൂപ വീതം വര്‍ധിപ്പിച്ചു. ഈ വര്‍ഷം 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുകയെന്ന് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത 1200 രൂപയില്‍ നിന്ന് 1450 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. അംഗനവാടി, ബാലവാടി ഹെല്‍പര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്കും 1450 രൂപ വീതം ലഭിക്കും.

പ്രീ-പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവര്‍ക്ക് 1350 രൂപയും ലഭ്യമാക്കും. ബഡ്‌സ് സ്‌കൂള്‍ അധ്യാപകര്‍, മറ്റു ജീവനക്കാര്‍, പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍, മഹിളാസമാഖ്യ സൊസൈറ്റി മെസഞ്ചര്‍മാര്‍, കിശോരി ശക്തിയോജന സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ക്കും 1450 രൂപ ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികള്‍ക്ക് ഉത്സവബത്തയായി 1550 രൂപയായിരിക്കും ലഭിക്കുക. പ്രേരക്മാര്‍, അസിസ്റ്റന്റ് പ്രേരക്മാര്‍ എന്നിവര്‍ക്ക് 1250 രൂപ വീതവും ലഭിക്കും. സ്‌പെഷ്യല്‍ സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക് 1250 രൂപയാണ് ലഭിക്കുക.

എസ്.സി എസ്.ടി പ്രൊമോട്ടര്‍മാര്‍, ടൂറിസം വകുപ്പിലെ ലൈഫ് ഗാര്‍ഡുകള്‍, ആഭ്യന്തര വകുപ്പിന് കീഴിലെ ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 1460 രൂപ വീതവും ലഭിക്കും. കഴിഞ്ഞ വര്‍ഷം ഉത്സവബത്ത ലഭിച്ച മുഴുവന്‍ പേര്‍ക്കും 250 രൂപ വര്‍ധനവ് സഹിതം ഇത്തവണയും ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.

കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത്തവണ 4500 രൂപ ബോണസായി ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. സര്‍വീസ് പെന്‍ഷന്‍കാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ധിപ്പിച്ച് 1250 രൂപയാക്കുകയും ചെയ്തു.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്കുള്ള അഡ്വാന്‍സ് തുക 6000 ആണ്.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലാണ് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഓണം ആനുകൂല്യങ്ങളില്‍ വര്‍ധനവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

Content Highlight: Festival allowance for contract and scheme workers, including ASHA workers, increased by Rs. 250

We use cookies to give you the best possible experience. Learn more