| Sunday, 30th November 2025, 10:50 am

ഫെര്‍ട്ടിലിറ്റി നിരക്ക് കുറയുന്നു; 2080 ആകുന്നതോടെ ഇന്ത്യന്‍ ജനസംഖ്യ 1.8-1.9 ബില്യണായി സ്ഥിരപ്പെടും: ഐ.എ.എസ്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: 2080 ആകുമ്പോഴേക്കും ഇന്ത്യയിലെ ജനസംഖ്യ 1.8 അല്ലെങ്കില്‍ 1.9 ബില്യണായി സ്ഥിരത കൈവരിക്കുമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് പോപ്പുലേഷന്‍ (ഐ.എ.എസ്.പി). രാജ്യത്തെ ഫെര്‍ട്ടിലിറ്റി നിരക്ക് കുറയുന്നത് ജനസംഖ്യ സ്ഥിരപ്പെടാന്‍ കാരണമാകുമെന്ന് ഐ.എ.എസ്.പി പറഞ്ഞു.

നിലവില്‍ 1.9 എന്ന നിരക്കില്‍ താഴെയാണ് ഇന്ത്യയിലെ ജനസംഖ്യ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയിലെ ഫെര്‍ട്ടിലിറ്റി നിരക്ക് ദ്രുതഗതിയില്‍ കുറയുകയാണെന്നാണ് ഐ.എ.എസ്.പി പറയുന്നത്.

2000ല്‍ ഇന്ത്യയിലെ ഫെര്‍ട്ടിലിറ്റി നിരക്ക് 3.5 ആയിരുന്നു. എന്നാല്‍ ഇന്ന് അത് 1.9 ആയി കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ജനസംഖ്യ പരമാവധി രണ്ട് ബില്യണില്‍ താഴെയായി തുടരുമെന്നാണ് എല്ലാ കണക്കുകളും സൂചിപ്പിക്കുന്നതെന്ന് ഐ.എ.എസ്.പി ജനറല്‍ സെക്രട്ടറി അനില്‍ ചന്ദ്രന്‍ വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ധിച്ചതാണ് ഫെര്‍ട്ടിലിറ്റി നിരക്ക് കുറയാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളിലെ സാക്ഷരതാ വര്‍ധനവ് വിവാഹം, കുട്ടികള്‍, കുടുംബ ജീവിതം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും അനില്‍ ചന്ദ്രന്‍ പറഞ്ഞു.

ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ വര്‍ധിച്ച ഉപയോഗവും ജനന നിയന്ത്രണവും ടി.എഫ്.ആര്‍ കുറയാന്‍ കാരണമായി. പുതിയ തലമുറയിലെ ദമ്പതികള്‍ക്ക് കുട്ടികളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. തങ്ങള്‍ക്ക് എത്ര കുട്ടികള്‍ വേണമെന്ന് കൃത്യമായ ബോധ്യമുണ്ടെന്നും അനില്‍ ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വൈകിയുള്ള വിവാഹവും ടി.എഫ്.ആര്‍ കുറയുന്നതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നാല്‍ നിരക്ഷരരായ ആളുകള്‍ക്കിടയിലെ ഫെര്‍ട്ടിലിറ്റി നിരക്ക് ഇപ്പോഴും കൂടുതലാണ്.

മൂന്നില്‍ കൂടുതലായാണ് നിലവില്‍ കണക്കാക്കുന്നത്. അതേസമയം വിദ്യാസമ്പന്നരായ ആളുകള്‍ക്കിടയിലെ ടി.എഫ്.ആര്‍ 1.5 നും 1.8 നും ഇടയിലാണെന്നും ഐ.എ.എസ്.പി ജനറല്‍ സെക്രട്ടറി പറഞ്ഞു.

ജനനനിരക്ക് കുറയുന്നതുകൊണ്ട് തന്നെ രാജ്യത്തെ ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയാണെന്നാണ് ജനസംഖ്യാശാസ്ത്രജ്ഞന്‍ പറയുന്നത്. ഇന്ത്യയില്‍ 60 വയസിന് മുകളില്‍ ജീവിക്കുന്ന ആളുകളുടെ എണ്ണം കൂടുതലാണെന്നും ഐ.എ.എസ്.പി ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഫെര്‍ട്ടിലിറ്റി നിരക്കിലുണ്ടായ മാറ്റത്തെ കുറിച്ചും അനില്‍ ചന്ദ്രന്‍ പരാമര്‍ശിച്ചു. 1987നും 1989നുമിടയില്‍ കേരളത്തിന്റെ റീപ്ലേസ്മെന്റ്-ലെവല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് 2.1 ആയിരുന്നുവെന്നും ഇന്ന് അത് 1.5 എന്ന നിരക്കിലേക്ക് സ്ഥിരപ്പെട്ടിട്ടുണ്ടെന്നുമാണ് ഐ.എ.എസ്.പി ചൂണ്ടിക്കാട്ടിയത്.

Content Highlight: Fertility rate declining; Indian population to stabilize at 1.8-1.9 billion by 2080: IASP

We use cookies to give you the best possible experience. Learn more