നുസന്താര: ഇൻഡോനേഷ്യയിലെ ബാലി ദ്വീപിന് സമീപം 65 പേരുമായി സഞ്ചരിച്ചിരുന്ന ഫെറി മുങ്ങി അപകടം. സംഭവത്തിൽ 43 പേരെ കാണാതാവുകയും രണ്ട് പേർ മരണപ്പെടുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്.
ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ നിന്ന് പ്രശസ്തമായ അവധിക്കാല കേന്ദ്രമായ ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാത്രി 11:20 ഓടെ ബാലി കടലിടുക്കിൽ ഫെറി മുങ്ങിയതായി സുരബായ തിരച്ചിൽ, രക്ഷാ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.
ഇന്നലെ കിഴക്കൻ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് പുറപ്പെട്ട ഫെറി ഏകദേശം 30 മിനിറ്റിനുശേഷം മുങ്ങിയതായി നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി അറിയിച്ചു.
രക്ഷാ പ്രവർത്തന ഏജൻസി പറയുന്നതനുസരിച്ച് ഫെറിയിൽ 53 യാത്രക്കാരും 12 ക്രൂ അംഗങ്ങളും 14 ട്രക്കുകൾ ഉൾപ്പെടെ 22 വാഹനങ്ങളുമുണ്ടായിരുന്നു. ഇതുവരെ രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായും 20 പേരെ രക്ഷപ്പെടുത്തിയതായും ബന്യുവാംഗി പൊലീസ് മേധാവി രാമ സമ്താമ പുത്ര മാധ്യമങ്ങളോട് പറഞ്ഞു.
രാത്രി മുഴുവൻ രണ്ട് മീറ്റർ (6.5 അടി) ഉയരമുള്ള തിരമാലകൾ ഉണ്ടായതായും ഇത് രക്ഷ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.
17,000ത്തോളം ദ്വീപുകളുള്ള തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ സമുദ്ര അപകടങ്ങൾ ഒരു പതിവ് സംഭവമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകടങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം. മാർച്ചിൽ, ബാലിയിൽ നിന്നും 16 പേരുമായി പോയ ഒരു ബോട്ട് മറിഞ്ഞ് ഒരു ഓസ്‌ട്രേലിയൻ സ്ത്രീ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Content Highlight: Ferry carrying 65 people sinks near Bali; 43 missing: Report