പി.എസ്.ജിയില്‍ ഗോളടി തുടര്‍ന്ന് സ്പാനിഷ് സൂപ്പര്‍ താരം ഫെറാന്‍ ടോറസ്. ബാഴ്‌സയില്‍ നിന്നും പി.എസ്.ജിയിലെത്തിയ ശേഷം ലീഗ് വണ്ണിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലുമായി പി.എസ്.ജിയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കാണ് താരം വഹിക്കുന്നത്.
ഈ സീസണില്‍ ആദ്യ ലീഗ് മത്സരത്തില്‍ പി.എസ്.ജി വിജയിക്കുന്നതും ഫെറാന്‍ ടോറസിന്റ ഗോളിലൂടെയാണ്. കഴിഞ്ഞ ദിവസം ബ്രെസ്റ്റിനെതിരെ നേടിയ ഒറ്റ ഗോളിന്റെ കരുത്തിലാണ് പി.എസ്.ജി ആദ്യ വിജയം നേടിയത്.
ഇതിന് മുമ്പ് കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ട് സമനിലയും ഒരു തോല്‍വിയുമായിരുന്നു ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുടെ സമ്പാദ്യം.
നാല് മത്സരത്തില്‍ നിന്നും മൂന്ന് ഗോളുമായി ടോറസ് തന്നെയാണ് പി.എസ്.ജിയുടെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനും. ലീഗിലെ ഗോളടിക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും പാരീസിലെ ‘കൊമ്പന്‍ സ്രാവ്’ ഇടം പിടിച്ചിട്ടുണ്ട്.
യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പുതിയ സീസണില്‍ എല്ലാ ടീമുകളും ഓരോ മത്സരം കളിച്ചപ്പോള്‍ പി.എസ്.ജിയാണ് ഒന്നാം സ്ഥാനത്തുള്ളത്. അതിന് കാരണമാകട്ടെ ടോറസിന്റെ എണ്ണം പറഞ്ഞ ഗോളുകളും.
സ്വന്തം തട്ടകമായ പാര്‍ക് ഡെസ് പ്രിന്‍സെസില്‍ നോര്‍വീജയന്‍ സൂപ്പര്‍ ടീം സ്ലോവാന്‍ ബ്രാറ്റിസ്ലാവയ്‌ക്കെതിരെ പി.എസ്.ജി ഒന്നിനെതിരെ ആറ് ഗോളുമായി തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ ഹാട്രിക്കുമായാണ് ടോറസ് തിളങ്ങിയത്.
മത്സരത്തിന്റെ 31, 47, 57 മിനിട്ടുകളിലാണ് ടോറസ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. മത്സരത്തില്‍ ഡെംബലെ ഇരട്ട ഗോളും ഫാബിയാന്‍ റൂയീസ് ഒരു ഗോളും നേടി.
പി.എസ്.ജിയിലെ ആദ്യ അഞ്ച് മത്സരത്തില്‍ നിന്നും യു.സി.എല്‍ ഹാട്രിക് അടക്കം ആറ് ഗോളുകളാണ് താരം അടിച്ചെടുത്തത്.
ഇതിന് മുമ്പ് ബാഴ്‌സയില്‍ നിന്നും പി.എസ്.ജിയിലെത്തിയ ഇതിഹാസതാരം ലയണല്‍ മെസിയുടെ പി.എസ്.ജിയിലെ ആദ്യ മത്സരങ്ങളുമായി ടോറസിന്റെ പ്രകടനത്തെ താരതമ്യം ചെയ്തും ‘ചില’ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. പി.എസ്.ജിയിലെ ആദ്യ മത്സരങ്ങളില്‍ മെസിക്ക് തിളങ്ങാന്‍ സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെത്തുന്നത്.
മെസി
തന്റെ പി.എസ്.ജി റണ്ണിലെ ആദ്യ അഞ്ച് മത്സരത്തില്‍ നിന്നായി ഒരു ഗോള്‍ മാത്രമാണ് മെസിക്ക് നേടാന്‍ സാധിച്ചത്. ഇതാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
അതേസമയം, ലീഗ് വണ്‍ പോയിന്റ് ടേബിളില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് പി.എസ്.ജി. സെപ്റ്റംബര്‍ 21നാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. മാഴ്‌സെയാണ് എതിരാളികള്‍.
Content highlight: Ferran Torres scored six goals in his first five matches for PSG.