| Thursday, 10th September 2026, 10:34 pm

പാരീസിനൊപ്പം മെസിക്കും നെയ്മറിനും എംബാപ്പെക്കും സാധിക്കാത്തത്; ചരിത്രമെഴുതി ടോറസ്

സുദേവ് എ

യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ വിജയത്തോടെ വരവറിയിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യൻമാരായ പാരീസ് സെന്റ് ജെർമെയ്ൻ. സ്ലോവാക്യൻ സൂപ്പർ ടീമായ എസ്.കെ സ്ലോവാൻ ബ്രാറ്റിസ്ലാവയ്‌ക്കെതിരെയാണ് പി.എസ്.ജിയുടെ വിജയം. സ്പാനിഷ് താരം ഫെറാൻ ടോറസിന്റെ ഹാട്രിക് കരുത്തിൽ ഒന്നിനെതിരെ ആറ് ഗോളിനാണ് പി.എസ്.ജി വിജയിച്ചത്.

ഈ ഹാട്രിക് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ടോറസ് തന്റെ പേരിൽ എഴുതി ചേർത്തത്. ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഹാട്രിക് നേടുന്ന ആദ്യ പാരീസ് താരമായാണ് ടോറസ് മാറിയത്.

സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയിൽ നിന്നും ഈ സീസണിലാണ് താരം ഫ്രഞ്ച് ക്ലബ്ബിലേക്ക് കൂടുമാറിയത്. 50 മില്യൺ യൂറോക്കാണ് ടോറസിനെ പി.എസ്.ജി സ്വന്തമാക്കിയത്. നാല് വർഷത്തോളം ബാഴ്‌സയിൽ പന്തുതട്ടിയാണ് താരം പാരീസിലേക്ക് കൂടുമാറിത്. അഞ്ച് വർഷത്തെ കരാറിലാണ് ടോറസ് പി.എസ്.ജിയിൽ എത്തിയത്.

ലയണൽ മെസി, നെയ്മർ, കിലിയൻ എംബാപ്പെ തുടങ്ങിയ വമ്പൻ താരങ്ങൾ പന്തുതട്ടിയിട്ടും നേടാൻ സാധിക്കാത്ത നേട്ടമാണ് ടോറസ് ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം മത്സരം തുടങ്ങി 17ാം മിനിട്ടിൽ ഒസ്മാനെ ഡെംബലെയിലൂടെയാണ് പി.എസ്.ജി അക്കൗണ്ട് തുറന്നത്. ആദ്യ ഗോൾ പിറന്ന് ആറാം മിനിട്ടിൽ വീണ്ടും ഗോൾ നേടി ഡെംബലെ ലീഡ് രണ്ടായി ഉയർത്തി.

മത്സരത്തിന്റെ 31ാം മിനിട്ടിലാണ് ഫെറാൻ ടോറസ് മത്സരത്തിലെ തന്റെ ആദ്യ ഗോളും പി.എസ്.ജിയുടെ മൂന്നാം ഗോളും നേടിയത്.

ഫെറാൻ ടോറസിന്റെ ഗോളിലൂടെയാണ് മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിച്ചത്. ബ്രേസ് പൂർത്തിയാക്കി പത്താം മിനിട്ടിൽ തന്നെ ടോറസ് ഹാട്രിക്കും പൂർത്തിയാക്കി. 59ാം മിനിട്ടിലാണ് ബ്രാറ്റിസ്ലാവ മത്സരത്തിലെ ആശ്വാസ ഗോൾ നേടിയത്. സുലൈമാൻ കമാറയാണ് ഗോൾ നേടിയത്.

ഈ വമ്പൻ വിജയത്തിന് പിന്നാലെ പി.എസ്.ജി യു.സി.എൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.  ചാമ്പ്യൻസ് ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെയാണ് പി.എസ്.ജിക്ക് ഇനി നേരിടാനുള്ളത്. ഒക്ടോബർ 15ന് സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് മത്സരം.

Content Highlight: Ferran Torres create a new history for PSG in UCL

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more