| Sunday, 4th October 2026, 7:57 am

ഫിറോസ്പുര്‍ അതിര്‍ത്തി സംഭവം: പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി ഇന്ത്യ; അതിര്‍ത്തിയിലെ നുഴഞ്ഞ് കയറ്റം അവസാനിപ്പിക്കാന്‍ മുന്നറിയിപ്പ്

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: പഞ്ചാബിലെ ഫിറോസ്പുര്‍ മേഖലയില്‍ രണ്ട് പാകിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയന്ത്ര സംഘര്‍ഷം രൂക്ഷമായതായി റിപ്പോര്‍ട്ട്. പരസ്പരം നയന്ത്ര പ്രതിനിധികളെ വിളിച്ച് വരുത്തി ശക്തമായ പ്രതിഷേധം ഇരു രാജ്യങ്ങളും രേഖപ്പെടുത്തി.

ഒക്ടോബര്‍ രണ്ടിന് പഞ്ചാബിലെ അതിര്‍ത്തിയില്‍ മൂന്ന് പേര്‍ ഇന്ത്യന്‍ ഭാഗത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചെന്നും ബി.എസ്.എഫ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവര്‍ അതിര്‍ത്തിവേലിയിലേക്ക് നീങ്ങിയെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സുരക്ഷയ്ക്ക് അടിയന്തര ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് ബി.എസ്.എഫ് വെടിവെച്ചതെന്നും മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ പാകിസ്ഥാന്‍ ഉന്നയിച്ച ആരോപണങ്ങളെ ഇന്ത്യ തള്ളി. പാകിസ്ഥാനില്‍ നിന്നുള്ള അനധികൃത അതിര്‍ത്തി കടന്നുകയറ്റത്തിന് സൗകര്യമൊരുക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും അതിര്‍ത്തിയിലെ അനധികൃത നീക്കങ്ങള്‍ തടയാന്‍ പാകിസ്ഥാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെ നീക്കങ്ങളെക്കുറിച്ചും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. അതേസമയം, കൊല്ലപ്പെട്ടവര്‍ ആയുധമില്ലാത്ത സാധാരണക്കാരായിരുന്നുവെന്നാണ് പാകിസ്ഥാന്റെ വാദം.

ബി.എസ്.എഫ് അനാവശ്യമായി ആയുധങ്ങള്‍ പ്രയോഗിച്ചെന്നും സംഭവത്തില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പാകിസ്ഥാന്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: Ferozepur border incident: India summons Pakistani diplomat; warns against cross-border infiltration.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more