| Friday, 5th December 2025, 10:59 pm

സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തുന്നു; ബാഴ്സ ഇനി ഡബിള്‍ സ്‌ട്രോങ്ങ്

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരം ഫെര്‍മിന്‍ ലോപ്പസ് പരിക്ക് മാറി ബാഴ്സലോണയില്‍ തിരിച്ചെത്തുന്നു. താരം പരിക്കില്‍ നിന്ന് മുക്തനായെന്നും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെന്നും ബാഴ്സ കോച്ച് ഹാന്‍സി ഫ്‌ലിക്ക് പറഞ്ഞു. റയല്‍ ബെറ്റിസുമായുള്ള മത്സരത്തില്‍ ടീമിനൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

‘ഫെര്‍മിന് കളിക്കാന്‍ കഴിയും. എന്നാല്‍, അടുത്ത മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ഇറങ്ങുമോയെന്ന് ഉറപ്പില്ല. പക്ഷേ, അവന്‍ ടീമിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്,’ ഹാന്‍സി ഫ്‌ലിക്ക് പറഞ്ഞു.

ഫെർമിൻ ലോപ്പസ് Photo: FCBarcelona/x.com

ലോപ്പസ് മസില്‍ പരിക്ക് കാരണം കുറച്ച് നാളായി ടീമിന് പുറത്തായിരുന്നു. നവംബര്‍ 26ന് ചെല്‍സിയുമായി നടന്ന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. അതിന് ശേഷം താരത്തിന് രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു.

ലോപ്പസിനൊപ്പം ഫ്രാങ്കി ഡി ജോങ്ങും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. താരത്തിന് മൂന്ന് മത്സരങ്ങളാണ് നഷ്ടമായത്. അത്ലറ്റിക്കോയ്ക്കെതിരായ മത്സരം പനി കാരണം നഷ്ടമായപ്പോള്‍ അലാവസിനെതിരെയുള്ള മത്സരത്തില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ താരം വിട്ടു നില്‍ക്കുകയായിരുന്നു. നേരത്തെ സസ്‌പെന്‍ഷന്‍ കാരണം അത്ലറ്റിക് ക്ലബ്ബുമായുള്ള മത്സരവും താരത്തിന് നഷ്ടമായിരുന്നു.

ഡാനി ഓല്‍മോ Photo: FCBarcelona/x.com

സ്പാനിഷ് താരം ഡാനി ഓല്‍മോ പരിക്ക് പറ്റി പുറത്തായ നേരത്ത് ഇരുവരുടെയും തിരിച്ച് വരവ് കറ്റാലന്മാര്‍ക്ക് വലിയ ആശ്വാസമാണ്. ഓല്‍മോ തോളെല്ലിന്റെ പരിക്ക് കാരണം നിലവില്‍ ടീമിന് പുറത്താണ്. താരത്തിന് ഒരു മാസത്തേക്ക് വിശ്രമം ആവശ്യമാണ്. അത്ലറ്റികോ മാഡ്രിഡുമായുള്ള മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.

ബാഴ്സലോണയുടെ അടുത്ത മത്സരം റയല്‍ ബെറ്റിസുമായാണ്. നാളെയാണ് (ഡിസംബര്‍ 6) ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ക്യാമ്പ് നൗവിലാണ് ഈ മത്സരം നടക്കുക.

Content Highlight: Fermin Lopez and Frenkie de Jong returns to Barcelona for match against Real Betis

We use cookies to give you the best possible experience. Learn more