| Monday, 20th May 2013, 2:25 pm

സമനിലയോടെ ഫെര്‍ഗൂസണ്‍ ഫുട്ബാള്‍ പരിശീലന ലോകത്തിന്റെ പടിയിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെസ്റ്റ്‌ബ്രോംവിച്ച്:  ഫുട്ബാള്‍ ലോകത്ത് നിന്ന് ജയത്തോടെ വിട പറയണമെന്നായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിഖ്യാത പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്റെ ആഗ്രഹം. എന്നാല്‍ ആ ആഗ്രഹം നിറവേറ്റാന്‍ ഫെര്‍ഗൂസനും, നിറവേറ്റികൊടുക്കാന്‍ ഫെര്‍ഗൂസന്റെ കളിക്കാര്‍ക്കുമായില്ല.[]

പ്രീമിയര്‍ ലീഗില്‍ സീസണിലെ അവസാന മത്സരം കളിക്കാനിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വെസ്‌ബ്രോംവിച്ച് സമനിലയില്‍ തളച്ചോടെ ഫെര്‍ഗൂസന്റെ വലിയൊരാഗ്രഹത്തിന് വിലങ്ങ് തടിയാവുകയായിരുന്നു. ഗോള്‍ വല നിരന്തരമായി കുലുങ്ങിയ മത്സരത്തില്‍ 5-5നാണ് യുണൈറ്റഡ് സമനില വഴങ്ങിയത്.[]

ഇതോടെ യുണൈറ്റഡില്‍ ഇരുപത്തിയാറര വര്‍ഷം നീണ്ട അലക്‌സ് ഫെര്‍ഗൂസന്‍ യുഗത്തിന് അന്ത്യമായി. സൂപ്പര്‍താരം വെയ്ന്‍ റൂണിയില്ലാതെയാണ് ചുവന്ന ചെകുത്താന്‍മാര്‍ ഇന്നലെ കളിക്കളത്തിലിറങ്ങിയത്.

5-2ന് മുന്നിട്ട് നിന്ന ശേഷമാണ് മാഞ്ചസ്റ്റര്‍ ഒടുവില്‍  സമനില വഴങ്ങിയത്. റൊമേലു ലുക്കാകുവിന്റെ ട്രിബിള്‍ ഗോള്‍ നേട്ടമാണ് വെസ്റ്റ്‌ബ്രോംവിച്ചിന് സമനില നേടിക്കൊടുത്തത്.

കളി തുടങ്ങി ആറം മിനിറ്റില്‍ ഷിന്‍ജി കഗാവയിലൂടെ യുണൈറ്റഡ് ഗോള്‍ മടക്കി. ആദ്യ ഗോളിന്റെ ആഘോഷം കെട്ടടങ്ങും മുമ്പ് ഒന്‍പതാം മിനിറ്റില്‍ ജൊനാസ് ഓല്‍സന്‍ സ്വന്തം വലയിലേക്ക് പന്ത് തട്ടിയിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

ക്ലെവര്‍ലിയുടെ പാസില്‍ നിന്നും മികച്ചൊരു ഇടങ്കാലന്‍ ഷോട്ടിലൂടെ ബട്ട്‌നര്‍ യുണൈറ്റഡിന്റെ മൂന്നാം ഗോള്‍ നേടി കളിയില്‍ വ്യക്തമായ ആധിപത്യം നേടി.

3-0ത്തിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു വെസ്റ്റ്‌ബ്രോംവിചിന്റെ അവിശ്വസനീയമായ തിരിച്ചുവരവ്. ആദ്യ പകുതി അവസാനിക്കാന്‍ അഞ്ച് മിനിറ്റുകള്‍ ശേഷിക്കെ ജെയിംസ് മോറിസണ്‍ ആതിഥേയരുടെ ആദ്യ ഗോള്‍ നേടി.

മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന മാഞ്ചസ്റ്ററിന്റെ വിജയപ്രതീക്ഷ തകര്‍ത്തത് അവസാന പത്ത് മിനിറ്റുകളായിരുന്നു. ആദ്യത്തെ രണ്ടു ഗോളുകള്‍ 81 ാം മിനിറ്റില്‍ വലയിലെത്തിച്ചപ്പോള്‍, 86ാം മിനിറ്റില്‍ സമനില ഗോള്‍ നേടി വെസ്റ്റ്‌ബ്രോംവിച്ച് കളിയിലേക്ക് തിരിച്ച് വന്നു.  ഇതില്‍ ആദ്യത്തെ രണ്ട് ഗോളുകള്‍  ലുക്കാകുവിന്റെ വകയായിരുന്നു വെങ്കില്‍ മൂന്നാം ഗോള്‍ പിറന്നത്  മുലുംബുവിന്റെ കാലില്‍ നിന്നായിരുന്നു.

എഴുപത്തിയൊന്നുകാരനായ അലക്‌സ് ഫെര്‍ഗൂസന് പകരം ഡേവിഡ് മോയസായിരിക്കും  പുതിയ കോച്ചായി മാഞ്ചസ്റ്ററിനെ ഇനി നയിക്കാനുണ്ടാവുക.

വിജയത്തോടെ ഫുട്ബാള്‍ കരിയര്‍ അവസാനിപ്പിക്കണമെന്ന മോഹം ഫെര്‍ഗൂസന് സാധ്യമായില്ലെങ്കിലും പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന് കിരീടം നേടിക്കൊടുത്തു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് മാഞ്ചസ്റ്ററിന്റെ പരിശീലക പദവിയില്‍ നിന്ന് അലക്‌സ് ഫെര്‍ഗൂസണ്‍ പടിയിറങ്ങിയത്.

http://www.indiavisiontv.com/2013/05/20/205887.html

Latest Stories

We use cookies to give you the best possible experience. Learn more