| Thursday, 30th November 2023, 4:03 pm

മെസിയോടൊപ്പം ബാലണ്‍ ഡി ഓറിനായി ഇത്രയും കാലം മത്സരിച്ചെങ്കിൽ അദ്ദേഹം ഒരു മികച്ച താരമാണ്; സൂപ്പര്‍ താരത്തെ പ്രശംസിച്ച് ബാഴ്സ താരം

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയേയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാഴ്സലോണ താരമായ ഫെറാന്‍ ടോറസ്.

വര്‍ഷങ്ങളായി ലയണല്‍ മെസിക്കൊപ്പം ബാലണ്‍ ഡി ഓറിനായി മത്സരിച്ചതില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വളരെയധികം ക്രഡിറ്റ് അര്‍ഹിക്കുന്നുണ്ടെന്നും എന്നാല്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരം മെസിയാണെന്നുമാണ് ടോറസ് പറഞ്ഞത്.

‘ലിയോ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണെന്ന് ഞാന്‍ കരുതുന്നു. മെസി കളിക്കുന്നത് പോലെ മറ്റൊരു താരവും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. മറഡോണയോ പെലെയുടെയോ കളി ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ മെസി 20 വര്‍ഷം ഫുട്‌ബോളില്‍ മികച്ച പ്രകടനം നടത്തുന്നു. എല്ലാ വര്‍ഷവും അദ്ദേഹം 50+ ഗോളുകളും അസിസ്റ്റുകളും നേടുന്നുണ്ട്,’ ടോറസിനെ ഉദ്ധരിച്ച് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.

പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോയെക്കുറിച്ചും ടോറസ് പറഞ്ഞു.

‘റൊണാള്‍ഡോ എന്നെ സംബന്ധിച്ചിടത്തോളം ഒരു നേതാവാണ്. കാരണം ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ മെസിക്കൊപ്പം ബാലണ്‍ ഡി ഓറിനായി ശക്തമായ മത്സരം റൊണാള്‍ഡോ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ റൊണാള്‍ഡോ അവിശ്വസനീയമായ താരമാണെന്ന് ഞാന്‍ പറയും,’ ടോറസ് കൂട്ടിച്ചേര്‍ത്തു.

റയല്‍ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകള്‍ക്കൊപ്പം അവിസ്മരണീയമായ നേട്ടങ്ങള്‍ കൈവരിച്ച താരമാണ് റൊണാള്‍ഡോ.

നിലവില്‍ റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറിനായാണ് കളിക്കുന്നത്. ഈ സീസണില്‍ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് ഈ 38കാരന്‍ കളിക്കളത്തില്‍ പുറത്തെടുക്കുന്നത്.

സൗദി ക്ലബ്ബിനായി 19 മത്സരങ്ങളില്‍ നിന്നും 18 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്.

Content Highlight: Feran Torres praises Cristaino Ronaldo and Lionel Messi.

Latest Stories

We use cookies to give you the best possible experience. Learn more