തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ലൈംഗികാതിക്രമ പരാതിയില്‍ സുഹൃത്തും അനുയായിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫെന്നി നൈനാനെ പ്രതിചേര്‍ക്കും. പരാതിയില്‍ അതിജീവിത ഫെനി നൈനാന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ഹോംസ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്നും അവിടേക്ക് കൊണ്ടുപോകാനായി വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാന്‍ ഉണ്ടായിരുന്നെന്നും അതിജീവിത പരാതിയില്‍ പറയുന്നു. കാര്‍ ഓടിച്ചത് ഫെന്നി നൈനാനാണെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.
ഫെനി നൈനാന്‍. Photo: Fenny Nainan/Facebook.com
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഫെന്നി നൈനാനും കോണ്‍ഗ്രസിനും ഈ നീക്കം തിരിച്ചടിയാകും. അടൂര്‍ നഗരസഭയിലെ പോത്രാട് എട്ടാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് ഫെന്നി.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ലൈംഗിക പീഡന പരാതിയില്‍ അതിജീവിത മൊഴി നല്‍കും. മൊഴി നല്‍കാന്‍ തയ്യാറെന്ന് പരാതിക്കാരി എസ്.ഐ.ടി സംഘത്തെ കഴിഞ്ഞ ദിവസം അറിയിച്ചു.
23കാരിയായ ബെംഗളൂരു സ്വദേശിയുടെ പരാതിയില്‍ പൊലീസ്ഇന്നലെ കേസെടുത്തിരുന്നു.
കെ.പി.സി.സിയ്ക്ക് കൈമാറിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ചാണ് രാഹുലിനെതിരായ രണ്ടാമത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ആദ്യകേസില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രാഹുലിനെതിരെ രണ്ടാമത്തെ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഐ.പി.സി 376 (ബലാത്സംഗം), വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. നിലവില്‍ രണ്ട് കേസുകളിലാണ് പാലക്കാട് എം.എല്‍.എ നിയമനടപടി നേരിടുന്നത്.
ഗുരുതരമായ ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്. 2023 സെപ്റ്റംബര്‍ മുതല്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി പരിചയമുണ്ടെന്നാണ് പെണ്‍കുട്ടി പറയുന്നത്.
പ്രണയം നടിച്ച് രാഹുല്‍ തനിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. പിന്നീടൊരു ഹോംസ്റ്റേയില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
Content Highlight: Fenny Nainan will also be named as a defendant in the second complaint against Rahul Mamkoottathil.