| Friday, 10th October 2025, 3:43 pm

നല്ല ഈമാനുള്ള ഫെമിനിച്ചി ഫാത്തിമ

അമര്‍നാഥ് എം.

ഒരു മനുഷ്യന് ഏറ്റവും ആവശ്യമായിട്ടുള്ള കാര്യങ്ങളിലൊന്നാണ് ഉറക്കം. ഇട്ടുമൂടാനുള്ള പണമുണ്ടെങ്കിലും ഉറക്കമില്ലെങ്കില്‍ അത് വലിയ പണിതരുന്ന കാര്യമാണ്. ഫാത്തിമ എന്ന സാധാരണക്കാരിയായ വീട്ടമ്മയുടെ കഥയോടൊപ്പം ശക്തമായ രാഷ്ട്രീയം കൂടി സംസാരിക്കുന്ന ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ. സ്വസ്ഥമായി കിടന്നുറങ്ങാനുള്ള ഫാത്തിമയുടെ അവകാശമാണ് ചിത്രം പറയുന്നത്.

മതനിയമങ്ങളുടെ വേലിക്കെട്ടുകള്‍ സിനിമയുടെ ആദ്യം മുതല്‍ തന്നെ ഫാത്തിമക്ക് ചുറ്റുമുണ്ടെന്ന് സംവിധായകന്‍ കാട്ടിത്തരുന്നുണ്ട്. അതില്‍ നിന്ന് ഫാത്തിമ പുറത്തുകടക്കുന്നുണ്ടോ ഇല്ലയോ എന്നത് സിനിമ കണ്ടുതന്നെ അറിയുക. ഞെട്ടിക്കുന്ന ട്വിസ്റ്റുകളോ കാതടപ്പിക്കുന്ന ബി.ജി.എമ്മോ ഇല്ലാതെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയായി ഫെമിനിച്ചി ഫാത്തിമ മാറി.

പൊന്നാനിയിലെ കടലോര മേഖലയിലാണ് കഥ നടക്കുന്നത്. മക്കളിലൊരാള്‍ മൂത്രമൊഴിച്ച് വൃത്തികേടാക്കിയ കിടക്ക വെയിലത്തിട്ട് ഉണക്കുന്നിടത്താണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. പിന്നീട് പുതിയ ബെഡ് ലഭിക്കുന്നതുവരെ നമ്മളും ഫാത്തിമയോടൊപ്പം സഞ്ചരിക്കുന്നുണ്ട്. നാട്ടിലെ ഉസ്താദാണ് ഫാത്തിമയുടെ ‘ഭര്‍ത്താവ്’.

ഓരോ രീതിയില്‍ ഫാത്തിമ കിടക്ക ഒപ്പിക്കുമ്പോഴും അതിനെയെല്ലാം ഉസ്താദ് ഒഴിവാക്കുന്നുണ്ട്. നടുവേദന കാരണം ഫാത്തിമ ബുദ്ധിമുട്ടുന്നത് ഉസ്താദിനെ ബാധിക്കുന്നില്ല. താന്‍ പഠിച്ച മതനിയമത്തില്‍ എല്ലാവരും ജീവിക്കണമെന്ന നിര്‍ബന്ധബുദ്ധിയെയെല്ലാം ഹാസ്യത്തിന്റെ മേമ്പൊടിയിലാണ് സംവിധായകന്‍ അവതരിപ്പിച്ചത്. പഴയകാലത്തെ മതനിയമങ്ങള്‍ അതേപടി പകര്‍ത്തുന്ന ഉസ്താദുമാരെയും ഒഴുക്കിനെതിരെ ജീവിച്ച് മുന്നേറുന്ന മുസ്‌ലിം വിശ്വാസികളെയും മികച്ച രീതിയില്‍ വരച്ചുകാട്ടാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

ഒരു മണിക്കൂര്‍ 38 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള സിനിമയില്‍ ശക്തമായ പല കാര്യങ്ങളും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. തന്റെ ആദ്യചിത്രത്തിന് ഇത്തരത്തില്‍ മികച്ച വിഷയം തെരഞ്ഞെടുത്ത സംവിധായകന്‍ ഫാസില്‍ മുഹമ്മദ് പ്രത്യേക കൈയടി അര്‍ഹിക്കുന്നു.

ചിത്രത്തില്‍ അണിനിരന്നവരെല്ലാം പുതുമുഖങ്ങളാണ്. ടൈറ്റില്‍ കഥാപാത്രമായ ഫാത്തിമയെ അവതരിപ്പിച്ച ഷംല ഹംസയെക്കുറിച്ച് എടുത്തു പറയണം. ആദ്യാവസാനം കഥാപാത്രമായി ഷംല ജീവിക്കുകയായിരുന്നു. ആദ്യചിത്രത്തില്‍ തന്നെ ഇത്രയും ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെച്ച ഷംല സിനിമാലോകത്ത് ഇനിയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

ഷംലക്ക് ശേഷം ചിത്രത്തില്‍ ഞെട്ടിച്ചത് അഷ്‌റഫ് ഉസ്താദായി വേഷമിട്ട കുമാര്‍ സുനിലാണ്. ഇരുത്തത്തിലും നടത്തത്തിലും അയാള്‍ കഥാപാത്രമായി പകര്‍ന്നാടി. നാട്ടുകാര്‍ക്ക് ‘ഇല്‍മ്’ പറഞ്ഞുകൊടുത്തും ഹറാമായത് ഒഴിവാക്കിയും ഹലാലായത് മാത്രം ചെയ്തും ജീവിക്കുന്ന അഷ്‌റഫ് ഉസ്താദിന്റെ കഥാപാത്രം സിനിമയില്‍ പലപ്പോഴും ചിരിപ്പിക്കുന്നുണ്ട്.

താന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് ചിന്തിച്ച് നടക്കുന്ന, താന്‍ പറയുന്നത് വീട്ടിലെല്ലാവരും അനുസരിക്കണമെന്ന് ശഠിക്കുന്ന അഷ്‌റഫ് ഉസ്താദ് ഈ സിനിമയിലെ മികച്ച കഥാപാത്ര സൃഷ്ടികളിലൊന്നാണ്. സ്വന്തം മുറിയിലെ ഫാനിടാനും പുറത്തേക്കിറങ്ങുമ്പോള്‍ ഷോളും ചെരുപ്പും എടുക്കാനും ഭക്ഷണം വിളമ്പാനുമെല്ലാം അയാള്‍ക്ക് ഫാത്തിമയെ വിളിക്കേണ്ടി വരുന്നതെല്ലാം ചിത്രത്തില്‍ കാണാന്‍ സാധിക്കും.

ചെറിയ വേഷങ്ങളില്‍ വന്നുപോയ ആര്‍ട്ടിസ്റ്റുകള്‍ വരെ മനസില്‍ തങ്ങിനില്‍ക്കുന്ന പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. ആക്രി പെറുക്കാന്‍ വരുന്ന സ്ത്രീ മുതല്‍ ഫാത്തിമയുടെ അയല്‍വക്കത്തെ ഷാന എന്ന കഥാപാത്രം വരെ ശക്തമായ രാഷ്ട്രീയം പറയാതെ പറയുന്ന കഥാപാത്രങ്ങളാണ്. എല്ലാവരെയും കൃത്യമായി അടയാളപ്പെടുത്താന്‍ ഫാസിലിന്റെ എഴുത്തിന് സാധിച്ചിട്ടുണ്ട്.

പ്രിന്‍സ് ഫ്രാന്‍സിസിന്റെ ഫ്രെയിമുകളും ഷിയാദ് കബീറിന്റെ സംഗീതവും ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയായിരുന്നു. മലയാളസിനിമ ഇന്നേവരെ കടന്നുചെല്ലാത്ത പൊന്നാനിയിലെ കടലോരമേഖലയിലെ ജീവിതം കൃത്യമായി വരച്ചുകാണിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഇത്രയും മികച്ച ചിത്രം നിര്‍മിച്ച സംവിധായകന്‍ തമാറും പ്രേക്ഷകരിലേക്കെത്തിച്ച ദുല്‍ഖറും പ്രത്യേക കൈയടി അര്‍ഹിക്കുന്നു. ഫെമിനിച്ചിയായ ഈ ഫാത്തിമ പ്രേക്ഷകരുടെ മനസ് നിറക്കുമെന്ന് ഉറപ്പാണ്.

Content Highlight: Feminchi Fathima movie review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more