| Friday, 3rd July 2026, 8:51 am

ലാലേട്ടന് ട്രിബ്യുട്ട് ആയി ചെയ്ത പാട്ടാണത്, പക്ഷെ പടം പരാജയപ്പെട്ടപ്പോൾ ട്രോൾ ആയി മാറി : ഫെജോ

കെ.എസ് ഷാബിന

ഹൈ വോൾട്ടേജ് റാപ്പ് ഗാനങ്ങളിലൂടെ മലയാളി ആസ്വാദകരെ ആവേശം കൊള്ളിക്കുന്ന മല്ലു റാപ്പറാണ് ഫെജോ (ഫെബിൻ ജോസഫ്). തന്റേതായ വരികളിലൂടെ മലയാളം റാപ്പ് സംഗീത മേഖലയിൽ സ്വന്തം സാമ്രാജ്യം തീർത്ത ഫെജോ, ഇന്ന് ഇൻഡസ്ട്രിയിലെ മുൻനിര റാപ്പർമാരിൽ ഒരാളാണ്. ‘കൂട്ടിലിട്ട തത്ത’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗാനം. ഹേയ് നിമ, ആയിരം ഓറ, എന്തരോ മഹാനുഭാവുലു, വഴികാട്ടി, ഓണം മൂഡ് എന്നിവയാണ് ഫെജോയുടെ മറ്റ് ഹിറ്റ് ഗാനങ്ങൾ.

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിലെ ‘തലയുടെ വിളയാട്ടം’ എന്ന ഗാനത്തിലൂടെയാണ് ഫെജോ മലയാള സിനിമയിൽ തരംഗമാകുന്നത്. വലിയ ഹൈപ്പിലെത്തിയ ചിത്രം പരാജയപ്പെടുകയും തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോള് നേടുകയും ചെയ്തിരുന്നു. ചിത്രത്തോടൊപ്പം ഈ ഗാനവും അന്ന് ട്രോൾ മെറ്റീരിയലായി മാറി.

ഫെജോ.Photo;Deezer

എന്നാൽ, 2025-ൽ തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ‘തുടരും’ എന്ന ചിത്രത്തിന് ശേഷം ‘തലയുടെ വിളയാട്ടം’ എന്ന ഗാനം വൻ ഹിറ്റായി മാറുകയായിരുന്നു. ‘തുടരും’ സിനിമയിലെ ലാലേട്ടന്റെ മാസ് സീനുകൾക്ക് പശ്ചാത്തലമായി ‘തലയുടെ വിളയാട്ടം’ ചേർത്ത് ആരാധകർ ചെയ്ത റീലുകളാണ് ഗാനത്തെ വീണ്ടും തരംഗമാക്കിയത്. ഇതോടെ ഈ ഗാനം ലാലേട്ടന്റെ ഒരു ‘ആന്തം സോങ്’ ആയി മാറി.

ഗാനത്തിലെ റാപ് വരികൾ ഫെജോയുടെതാണ്. ഇപ്പോൾ ആ ഗാനത്തെക്കുറിച്ച് ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ഫെജോ.

ആറാട്ട്’.Photo;IMDB

‘തലയുടെ വിളയാട്ടം’ എന്ന സോങ് ചെയ്തപ്പോൾ എനിക്ക് വ്യക്തിപരമായി ഭയങ്കര സന്തോഷം തന്ന ഗാനമാണ്. കാരണം ലാലേട്ടന് വേണ്ടിയാണ് ഞാൻ ആ പാട്ട് എഴുതിയത്. അത് ലാസ്റ്റ് മിനിട്ടിൽ കിട്ടിയ ഒരു ഓഫറായിരുന്നു. എം.ജി. ശ്രീകുമാർ സാറിനൊപ്പമാണ് ഞാൻ ആ പാട്ട് പാടിയത്.

പക്ഷെ ‘ആറാട്ട്’ എന്ന സിനിമ പരാജയപ്പെട്ടതുകൊണ്ട് പിന്നീട് ആളുകൾ അത് ട്രോളാൻ വേണ്ടി ഉപയോഗിക്കാൻ തുടങ്ങി. അപ്പോൾ എനിക്ക് വ്യക്തിപരമായി ഭയങ്കര വിഷമം തോന്നി. കാരണം, ആ വരികളിൽ എല്ലാം ഞാൻ ഒരു പക്കാ ട്രിബ്യൂട്ട് ആണ് എഴുതിയിരിക്കുന്നത്. ‘നാട്യം കൊണ്ട് മായാജാലം കാട്ടും വിശ്വാസാമ്രാട്ട്’ എന്നൊക്കെയാണ് വരികൾ. ഞാൻ അത്രയും കഷ്ടപ്പെട്ട് ചെയ്ത പാട്ട് ട്രോൾ മെറ്റീരിയലായി മാറുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.

എന്നാൽ പിന്നീട് ആളുകൾ അത് ഏറ്റെടുക്കുകയും വലിയ ഹിറ്റാക്കി മാറ്റുകയും ചെയ്തപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇപ്പോൾ ഷോ ചെയ്യാൻ പോകുമ്പോൾ ആളുകൾ ഈ പാട്ട് പാടാൻ ആവശ്യപ്പെടാറുണ്ട്’, ഫെജോ പറഞ്ഞു.

Content Highlight: Fejo talks about Aaarattu movie

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more